മണ്ണാർക്കാട്: യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യു.ഡി.എഫും വ്യാപാരി വ്യവസായി ഏകോപനസമിതിയും നടത്തിയ ഹർത്താൽ പൂർണം. പ്രദേശത്ത് ഞായറാഴ്ച രാത്രി തുടങ്ങിയ സംഘർഷാവസ്ഥക്ക് തിങ്കളാഴ്ചയും മാറ്റമുണ്ടായില്ല. സി.പി.ഐ ഓഫിസിന് സമീപം മുദ്രാവാക്യം വിളികളുമായി ഒത്തുചേർന്ന യൂത്ത് ലീഗ് പ്രവർത്തകരെ പിരിച്ചുവിടാൻ തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ പൊലീസ് ലാത്തിവീശി.
മൃതദേഹം സൂക്ഷിച്ച വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിലും പ്രവർത്തകരെ നിയന്ത്രിക്കാൻ പുലർച്ച മൂന്നോടെ ലാത്തിവീശി. പത്ത് പ്രവർത്തകർക്ക് പരിക്കേറ്റു. വാഹനങ്ങൾ തകർന്നു. തിങ്കളാഴ്ച ഹർത്താലിനെ തുടർന്ന് പ്രവർത്തകർ വ്യാപകമായി റോഡ് ഉപരോധിച്ചു. കല്ലടിക്കോട്ട് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യുകയും അമൃത ടി.വിയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടാവുകയും ചെയ്തു. അമൃത ടി.വി റിപ്പോർട്ടർ വിനീഷ് കൊട്ടാരത്തിൽ, കാമറമാൻ അനുരാഗ്, ഡ്രൈവർ അജിത്ത് എന്നിവർ സഞ്ചരിച്ച കാറാണ് ഉച്ചയോടെ തകർത്തത്. ഡ്രൈവറുടെ കണ്ണിന് ചില്ല് വീണ് പരിക്കേറ്റു. തുടർന്നുള്ള ലാത്തിച്ചാർജിൽ പത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു.
പലയിടത്തും ഇരുചക്രവാഹനങ്ങൾ വരെ റോഡിൽ തടഞ്ഞിട്ടു. യാത്രക്കാർക്ക് നേരെ കൈയേറ്റശ്രമം നടന്നു. കോടതിപ്പടിയിൽ ഡിവൈഡറുകളും കല്ലുകളും റോഡിന് കുറുകെയിട്ടു. കുന്തിപ്പുഴ പാലത്തിന് മുകളിലും ഗതാഗതം തടഞ്ഞു. നഗരത്തിൽ സി.പി.ഐയുടെ ബോർഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചു. തച്ചമ്പാറ, പൊന്നംകോട്, കാരാകുറുശ്ശി, അലനല്ലൂർ, മണലടി, കല്ലടിക്കോട് ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തി.
അലനല്ലൂരിൽ സി.പി.ഐ പ്രാദേശിക നേതാവിെൻറ ഉടമസ്ഥതയിലുള്ള ടെലിഫോൺ ബൂത്ത് തകർത്തു. പ്രവർത്തകന് കുത്തേറ്റ സ്ഥലത്ത് തൃശൂരിലെ ഫോറൻസിക് വിദഗ്ധ റിനി തോമസ്, പാലക്കാെട്ട വിരലടയാള വിദഗ്ധൻ രാജേഷ് കുമാർ എന്നിവർ പരിശോധന നടത്തി. സംഭവം നടന്ന കടയിൽനിന്ന് കുത്താനുപയോഗിച്ച കത്തിയുടെ ഉറ കണ്ടെത്തി. കുന്തിപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തി. പാലക്കാട് എസ്.പി പ്രദീഷ് കുമാറിെൻറ നിർദേശത്തെതുടർന്ന് ഷൊർണൂർ ഡിവൈ.എസ്.പി മുരളീധരൻ, മണ്ണാർക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര, ചെർപ്പുളശ്ശേരി സി.ഐ ദീപക് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സഫീറിെൻറ മൃതദേഹം വൻ ജനാവലിയെ സാക്ഷിയാക്കി കുന്തിപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് കുന്തിപ്പുഴയിലെ വീട്ടിലെത്തിച്ചത്. തുടർന്ന് കുന്തിപ്പുഴ കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു ഖബറടക്കം. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ജനാസ നമസ്കാരത്തിന് നേതൃത്വം നൽകി.
എം.ബി. രാജേഷ് എം.പി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പി.വി. അബ്ദുൽ വഹാബ് എം.പി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയവർ അടക്കം നൂറുകണക്കിന് േപരാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.