കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ നൽകിയ ഹരജിയിൽ, സ്ഥലത്തില്ലാതിരുന്ന 259 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ ഇത്രയും പേർക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവിട്ടു.
ഇവർ വോട്ട് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ജൂൺ എട്ട് മുതലുള്ള ദിവസങ്ങളിൽ ഹാജരാകാൻ കഴിയുംവിധം സമൻസ് അയക്കാനാണ് നിർദേശം.
മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൽ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ചാണ് സുരേന്ദ്രൻ ഹരജി നൽകിയത്. അബ്ദുൽ റസാഖ് 89 വോട്ടിനാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ടില്ലായിരുന്നെങ്കിൽ തെൻറ വിജയം ഉറപ്പായിരുന്നെന്നാണ് സുരേന്ദ്രെൻറ വാദം.
വിദേശത്തുള്ളവരുടെ പേരിൽ വോട്ട് ചെയ്തിട്ടുണ്ടോയെന്നറിയാൻ എമിഗ്രേഷൻ രേഖകൾ പരിശോധിക്കാൻ നിർദേശിക്കണമെന്ന ഹരജിയിലെ ആവശ്യവും കോടതി പരിഗണിക്കും. 167 ബൂത്തുകളിലെ 43 എണ്ണത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽനിന്നുള്ള തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
ആരോപണവിധേയമായ ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങൾ ആവശ്യമെങ്കിൽ പരിശോധിക്കാൻ ഹൈകോടതി നിർദേശമനുസരിച്ച് എറണാകുളം കലക്ടറേറ്റിൽ സൂക്ഷിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.