മഞ്ഞള്ളൂർ സഹ. ബാങ്ക് ക്രമക്കേട്: കോൺഗ്രസ് ഭരണസമിതിയിൽനിന്നും ജീവനക്കാരിൽനിന്നും തുക തിരിച്ചുപിടിക്കാൻ ഉത്തരവ്

കൊച്ചി: കോൺഗ്രസ് ഭരിക്കുന്ന മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളിൽനിന്നും ജീവനക്കാരിൽനിന്നും 22,13,85,348 രൂപ തിരിച്ചുപിടിക്കാൻ എറണാകുളം ജില്ല സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ബാങ്കിന്റെ മുൻ പ്രസിഡന്റ് അന്തരിച്ച ജോയ് മാളിയേക്കൽ, മുൻ സെക്രട്ടറി ഡൊമിനിക് സ്കറിയ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരുടെ പങ്കാളിത്തത്തോടെയാണ് തട്ടിപ്പ് നടത്തിയത്. ഇവരിൽനിന്ന് മുഴുവൻ തുകയും തിരിച്ചു പിടിക്കാനാണ് തീരുമാനം.

ജോയ് മാളിയേക്കൽ 6,45,13,998 രൂപ, ഡൊമിനിക് സ്കറിയക്ക് 6,12,81,134 രൂപ, ആനി ജോയ് 2,12,73,358 രൂപ, വി.എം. സൈനുദ്ദീൻ 1,96,58,954 രൂപ, കെ.എസ്. ബോബൻ 1,40,90,203 രൂപ എന്നിങ്ങനെ കേസിൽ ഉൾപ്പെട്ട 20 പേരോട് തുക തിരിച്ചടക്കാൻ നിർദേശിച്ചിട്ടുണ്ട്. ബാങ്കിന്റെ നിലവിലെ നഷ്ടം 28.48 കോടിയാണെന്നും പ്രവർത്തന മൂലധനം ചോർന്നുപോയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മതിയായ ഈട്, വാല്യുവേഷൻ എന്നിവ ഇല്ലാതെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും കോടികൾ ബെനാമി വായ്പയായി എടുത്തും നിക്ഷേപകർ അറിയാതെ സ്ഥിര നിക്ഷേപ രസീതുകളുടെ വ്യാജ പകർപ്പുകൾ ഉണ്ടാക്കി വായ്പ എടുത്തതോടൊപ്പം, ബാങ്ക് സോഫ്റ്റ് വെയറിലും ഓഡിറ്റ് രേഖകളിലും കൃത്രിമം കാട്ടി സാമ്പത്തിക വഞ്ചന നടത്തിയുമാണ് തട്ടിപ്പ് നടത്തിയത്. ഈ ക്രമക്കേടുകൾ വഴി സഹകരണ സംഘത്തിനുണ്ടായ നഷ്ടം 22.13 കോടി രൂപയാണ്. ഏറ്റവും കൂടുതൽ ബാധ്യത ചുമത്തിയിരിക്കുന്നത് ജോയ് മാളിയേക്കലിനാണ്. അദ്ദേഹം മരിച്ചതിനാൽ ഈ തുക അനന്തരാവകാശികളിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്.

ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക ബാങ്കിൽ തിരിച്ചടക്കാത്ത പക്ഷം, ബന്ധപ്പെട്ടവരുടെ സ്ഥാവര-ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാൻ മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Irregularities in Congress-ruled Manjallur Rural Cooperative Bank: Order to recover the entire amount from the members of the governing body and employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.