മണിച്ചൻ

31 പേർ മരിച്ച​ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം: മണിച്ച‍​െൻറ സഹോദരങ്ങൾക്ക്​ ശിക്ഷ ഇളവ്​, ജയിൽ മോചിതരായി

തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന വിനോദ് കുമാർ, മണികണ്ഠൻ എന്നിവരെ ശിക്ഷ ഇളവ്​ നൽകി ജയിലിൽനിന്ന് വിട്ടയച്ചു. അബ്കാരിയും കേസിലെ പ്രതിയുമായ മണിച്ച​െൻറ സഹോദരങ്ങളാണ് ഇരുവരും. സംസ്ഥാന ജയിൽ ഉപദേശകസമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ്​ തീരുമാനം.

മണിച്ച​െൻറ ഗോഡൗണിൽനിന്ന്​ എത്തിച്ച് ഹൈറുന്നിസയുടെ വീട്ടിൽ വിതരണം ചെയ്ത മദ്യം കഴിച്ച് കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ 31 പേരാണ് മരിച്ചത്. അഞ്ഞൂറിലധികം പേർ ആശുപത്രികളിലായിരുന്നു. 2000 ഒക്ടോബർ 21നായിരുന്നു സംഭവം.

മണിച്ച‍​െൻറ സഹായികളായിരുന്ന വിനോദ്കുമാറും മണികണ്ഠനും 20 വർഷമായി ജയിലിലായിരുന്നു. ജീവപര്യന്തം ശിക്ഷയിൽ ഇളവു നൽകണമെന്ന വിനോദ് കുമാറിെൻറ ആവശ്യം ഒമ്പത് തവണയും മണികണ്ഠ​േൻറത് 12 തവണയും ജയിൽ ഉപദേശകസമിതി നിരസിച്ചിരുന്നു.

തുടർന്ന്, ഇരുവരുടെയും ഭാര്യമാർ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ജയിൽ ഉപദേശകസമിതിയോട്​ തീരുമാനമെടുക്കാൻ നിർദേശിക്കുകയായിരുന്നു. മദ്യവ്യാപാരത്തിൽ ഏർപ്പെടില്ലെന്ന ഉറപ്പുവാങ്ങി ജയിൽ മോചിതരാക്കാമെന്ന നിർദേശമാണ്​ ജയിൽ ഉപദേശകസമിതി നൽകിയത്. ശിക്ഷ അനുഭവിച്ച കാലയളവിൽ ഇരുവരും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. ഇതുവരെയുണ്ടായിരുന്ന ജീവിത രീതികൾ മാറ്റണമെന്ന ചിന്ത രണ്ടുപേരിലുമുണ്ട്. പുതിയ ജീവിതം സാധ്യമാക്കാനുള്ള അവസരം രണ്ടുപേർക്കും നൽകണമെന്നും ഉപദേശകസമിതി ശിപാർശ ചെയ്തു.

എന്നാൽ, സുപ്രീംകോടതിയിൽ സർക്കാർ സാവകാശം തേടി. കാരണങ്ങൾ പറയാതെ സർക്കാർ സാവകാശം തേടുകയാണെന്നും ഇരുവരെയും 48 മണിക്കൂറിനുള്ളിൽ വിചാരണ കോടതിയുടെ നിർദേശങ്ങൾ പാലിച്ച്​ ജാമ്യത്തിൽ വിടാനും ആറാഴ്ചക്കകം തീരുമാനമെടുക്കാനും സുപ്രീംകോടതി സെപ്റ്റംബർ 22ന് നിർദേശിച്ചു. 24ന് രണ്ടുപേർക്കും ജാമ്യം ലഭിച്ചു. ഇതിനുശേഷമാണ് ജയിൽ മോചനത്തിനുള്ള ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങിയത്.

കേസിലെ ഏഴാംപ്രതിയായ മണിച്ചൻ ജയിലിലാണ്. ജീവപര്യന്തം തടവിനുപുറമേ 43 വർഷം തടവും അനുഭവിക്കണം. മുഖ്യപ്രതി ഹൈറുന്നിസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ൽ കരൾരോഗം കാരണം മരണപ്പെട്ടിരുന്നു.

Tags:    
News Summary - Manichan's brothers pardoned, released from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.