കോട്ടയം: വീട് വിറ്റ് സാധനങ്ങൾ മാറ്റിയ ശേഷം പുതിയ വീട്ടുടമക്ക് താക്കോൽ കൈമാറാൻ പോകുന്നതിനിടെ ബൈക്ക് ഇടിച്ച് മാങ്ങാനം സ്വദേശിയായ ഗൃഹനാഥന് ദാരുണാന്ത്യം. പുതുപ്പള്ളി-പാലൂർപ്പടി റോഡിൽ മാങ്ങാനത്ത് ചെമ്മരപ്പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 9.30നാണ് അപകടം.
ചെമ്മരപ്പള്ളി സ്വദേശിയായ ചെമ്പകശേരിൽ സി.പി. പൗലോസിന്റെ മകൻ സി.പി. ജേക്കബ് (കൊച്ചുമോൻ -58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മാങ്ങാനം ചെമ്മരപ്പള്ളിക്ക് സമീപത്തെ ജേക്കബിന്റെ വീട് നേരത്തെ വിറ്റിരുന്നു. ഇന്നലെയാണ് പുതിയ ഉടമക്ക് താക്കോൽ കൈമാറേണ്ട തീയതി. ഇതിനായി പുതിയ വീട്ടിൽ സാധനങ്ങൾ ഇറക്കിയ ശേഷം താക്കോലുമായി ലോറിയിൽ ജേക്കബ് പഴയ വീടിനു സമീപം എത്തി. ലോറിയിൽ നിന്നു റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഇതുവഴി വന്ന ബൈക്ക് ജേക്കബിനെ ഇടിക്കുകയായിരുന്നു.
റോഡിൽ തലയിടിച്ചാണ് ജേക്കബ് വീണത്. ബോധരഹിതനായി റോഡിൽ കിടന്ന ജേക്കബിനെ ഉടൻ തന്നെ മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാത്രിയോടെ മരിച്ചു. സംസ്‌കാരം ഐ.പി.സ് കർമ്മേൽ സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ തിങ്കളാഴ്ച നടക്കും.
ഭാര്യ: സെലിൻ ജേക്കബ്. മക്കൾ -നീതു സാറാ ജേക്കബ് (സ്റ്റാഫ് നഴ്‌സ്, ദുബൈ), പാസ്റ്റർ നിതീഷ് പോൾ ജേക്കബ് (ലൈറ്റ് റ്റവർ ചർച്ച് ഓഫ് ഗോഡ്, തൃക്കൊടിത്താനം). മരുമക്കൾ -അഖിൽ മാത്യു (ദുബൈ), ലിറ്റാമോൾ ഐസക്ക് (മാങ്ങാനം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.