മംഗളൂരു: കുഡുപ്പുവിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി യുവാവ് അഷ്റഫിനെ ആൾക്കൂട്ടം മർദിച്ചു കൊന്ന കേസിന്റെ അന്വേഷണം മംഗളൂരു പൊലീസ് കേരളത്തിലേക്കും വ്യാപിപ്പിച്ചു. വയനാട് പുൽപ്പള്ളിയിൽ താമസിച്ചിരുന്ന മലപ്പുറം വേങ്ങര സ്വദേശി അഷ്‌റഫിന്റെ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിച്ചു വരുകയാണ്.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഷ്റഫ് ചികിത്സ ആരംഭിച്ചതെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. ഇതു സ്ഥിരീകരിക്കുന്നതിനായി മംഗളൂരു സിറ്റി പൊലീസ് സംഘം ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ പൈങ്ങളത്തുള്ള മാനസികരോഗാശുപത്രിയും മലപ്പുറം ജില്ലയിൽ വെട്ടത്തുള്ള മാനസികാരോഗ്യ കേന്ദ്രവും സന്ദർശിച്ചു.
മംഗളൂരുവിൽ ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തിയാണ് അഷ്‌റഫ് ഉപജീവനം കണ്ടെത്തിയതെന്നാണ് കുടുംബം മംഗളൂരു പൊലീസിനോട് പറഞ്ഞത്. ആക്രി വാങ്ങുന്ന കടകളിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിൽനിന്ന് നിർണായക സൂചനകൾ ലഭിച്ചു.
ഒരു വിഡിയോ ക്ലിപ്പിൽ അഷ്‌റഫ് ഒരു കടയിലേക്ക് സാധനങ്ങളെത്തിക്കുന്നത് കാണാം. മേയ് നാല്, അഞ്ച് തീയതികളിൽ മംഗളൂരുവിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൽ ജബ്ബാർ ദൃശ്യങ്ങളിൽ കാണുന്നയാൾ അഷ്‌റഫാണെന്ന് സ്ഥിരീകരിച്ചിരുന്നു. കടക്കുള്ളിൽനിന്ന് സ്ക്രാപ് ഇറക്കുന്നതും പിന്നീട് ഒഴിഞ്ഞ ചാക്കുകളുമായി അയാൾ നടന്നുപോകുന്നതും വിഡിയോകളിൽ കാണാം.
അറസ്റ്റിലായ 21 പ്രതികളിൽനിന്ന് 18 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഡേറ്റ വേർതിരിച്ചെടുക്കുന്നതിനും വിശകലനത്തിനുമായി ഇവ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ സാക്ഷികളായി തിരിച്ചറിഞ്ഞ അഞ്ച് വ്യക്തികളിൽനിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.