ട്രെയിനിൽ കഞ്ചാവുമായി വന്ന യുവാവിനെ ഓടിച്ചിട്ട് പിടികൂടി
തിരുവല്ല: ട്രാവൽ ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരു കിലോ ഗ്രാം കഞ്ചാവുമായി റെയിൽവെ സ്റ്റേഷനിൽ എത്തിയ യുവാവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കുറ്റപ്പുഴ ആമല്ലൂർ പുതുപ്പറമ്പിൽ വീട്ടിൽ അഖിൽ ബാബു (22) ആണ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.
ബുധനാഴ്ച രാവിലെ പത്തരയോടെ എറണാകുളത്ത് നിന്നും ഗുരുവായൂർ എക്സ്പ്രസിൽ എത്തിയ അഖിലിനെ ട്രെയിനിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകും വഴി ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് പോകും വഴി പിന്തുടർന്ന ഡാൻസാഫ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഖിലിനെ റോഡിന്റെ പല ഭാഗത്തായി നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ തഹസിൽദാർ പി.എ സുനിലിന്റെ സാന്നിധ്യത്തിൽ മേൽനടപടി പൂർത്തിയാക്കിയ ശേഷം അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരൻ , ഡാൻസാഫ് എസ്.ഐ അജി സാമുവേൽ , എ.എസ്.ഐ മാരായ അജികുമാർ , മുജീബ്, സി.പി. ഒമാരായ സുജിത്ത്, അഖിൽ , ശ്രീരാജ് , ബിനു, തിരുവല്ല സ്റ്റേഷൻ എസ്.ഐ മാരായ അനീഷ് എബ്രഹാം നിത്യ സത്യൻ സി.പി.ഒമാരായ അവിനാശ്, ജയകുമാർ , രാജേഷ്, ജോജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.