മോഷ്​ടിച്ച മുട്ട ആദായ വിൽപന നടത്തിയയാൾ പിടിയിൽ

കോഴിക്കോട്​: കോഴിമുട്ട മോഷ്​ടിച്ച് ആദായവിൽപന നടത്തിയ പ്രതി പിടിയിൽ. മൊത്ത വിൽപന കേന്ദ്രം കുത്തിത്തുറന്ന് ട്രേകളടക്കം മോഷ്​ടിച്ച മുട്ട പാതി വിലയ്​ക്ക്​ വിറ്റ ഫ്രാൻസിസ് റോഡ് ചങ്ങുപാലം പറമ്പ് സി.പി. കമറുദ്ദീനെയാണ് (55) കസബ എസ്.ഐ വി. സിജിത്തി​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. ​​

ഫ്രാൻസിസ് റോഡ് കമ്മാടത്ത് തോപ്പ് പറമ്പ്​ മൊയ്തീൻ കോയയുടെ ഉടമസ്ഥതയിൽ വട്ടാംപൊയിൽ റെയിൽവേ ഗേറ്റിനടുത്ത് പ്രവർത്തിച്ച മൊത്തവിൽപന കട കുത്തിത്തുറന്ന് മോഷ്​ടിച്ച രണ്ടായിരത്തിലധികം കോഴിമുട്ടകൾ മീഞ്ചന്തക്ക്​ സമീപം വിൽക്കുകയായിരുന്നു.

ബാക്കിയായ രണ്ടായിരത്തോളം കോഴിമുട്ടകളും കടത്താനുപയോഗിച്ച പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് പിടികൂടി. 4.50 രൂപ മൊത്തവിലയുള്ള മുട്ടയൊന്നിന് മൂന്നു രൂപ തോതിലാണ് വിറ്റത്​. കടയിൽനിന്ന് നേരത്തേ വൻതോതിൽ മുട്ട മോഷണം പോയിരുന്നു. കട നിരീക്ഷിക്കാൻ ഉടമ വട്ടാംപൊയിൽ റെയിൽവെ ഗേറ്റ് കീപ്പറുടെ സഹായം തേടിയിരുന്നു. രാത്രി കട തുറക്കുന്നത് കാബിനിലിരുന്ന് കണ്ട ഗേറ്റ് കീപ്പർ ആരാണെന്ന് വിളിച്ചു ചോദിച്ചു. ഉടമതന്നെയാണെന്നായിരുന്നു മറുപടി. ശബ്​ദത്തിൽ വ്യത്യാസം തോന്നി ഓടിയെത്തിയപ്പോഴേക്കും മോഷ്​ടാവ്​ രക്ഷപ്പെട്ടു.

രാവിലെ കടയിലെത്തിയപ്പോൾ മോഷണവിവരം മനസ്സിലായ ഉടമ കസബ പൊലീസിൽ പരാതി നൽകി. എസ്.ഐ ഓട്ടോ ഡ്രൈവർമാരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ വിവരം പ്രചരിപ്പിച്ചു. അങ്ങനെയാണ് മുട്ടകൾ ഓട്ടോയിൽ ആദായവിൽപന നടത്തുന്ന വിവരം കിട്ടിയത്​. നേരത്തേ കടയിൽനിന്ന് പലതവണ മുട്ട മോഷ്​ടിച്ചതായി പ്രതി സമ്മതിച്ചെന്ന്​ പൊലീസ്​ പറഞ്ഞു. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.