നെടുമ്പാശ്ശേരി: കേരളത്തിൽനിന്ന് യുവാക്കളെ ജോലി വാഗ്ദാനംചെയ്തും മറ്റും ഇറാനിലെത്തിച്ച് അവയവദാനം നടത്തിക്കുന്ന റാക്കറ്റിലെ കണ്ണികളിലൊരാൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ. തൃശൂർ വലപ്പാട് കോരുളത്ത് നാസറിന്‍റെ മകൻ സബിത്താണ് (30) പിടിയിലായത്. കേന്ദ്ര ഇന്‍റലിജൻസ് വിഭാഗം നൽകിയ വിവരത്തെതുടർന്ന് വിദേശത്തുനിന്നെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം പിടികൂടി നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. താൻ ഇടനിലക്കാരൻ മാത്രമാണെന്നും മലയാളികളായ മറ്റ് രണ്ടുപേരാണ് ഈ ഇടപാടുകൾക്കുപിന്നിൽ പ്രവർത്തിക്കുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. രാജ്യാന്തര ബന്ധമുള്ള കേസായതിനാൽ തുടരന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറിയേക്കും.
കേന്ദ്ര ഇന്‍റലിജൻസ് പ്രാഥമികമായി ഇയാളെ ചോദ്യംചെയ്തു. ഇറാനിലെ ചില പ്രമുഖ ആശുപത്രികളിൽ വൃക്ക നൽകാൻ തയാറായാൽ 60 ലക്ഷം രൂപ വരെയാണ് ഇയാൾ വാഗ്ദാനം ചെയ്തിരുന്നത്. മറ്റ് നടപടികളൊന്നുമില്ലാതെ യഥേഷ്ടം അവയവം ദാനംചെയ്യാൻ അവിടെ നിയമം അനുവദിക്കുന്നുണ്ടെന്നാണ് ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. കടക്കെണിയിലും മറ്റുമായ കുടുംബങ്ങളിൽപെട്ടവരെയാണ് അവയവദാനത്തിനെന്നുതന്നെ പറഞ്ഞ് കൊണ്ടുപോകുന്നത്. എന്നാൽ, വൃക്ക ദാനംചെയ്ത് കഴിയുമ്പോൾ വാഗ്ദാനം ചെയ്ത തുകയുടെ നാലിലൊന്നു പോലും ഇവർ നൽകുകയില്ലത്രേ.
പണം വീതംവെക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെതുടർന്ന് റാക്കറ്റിൽ ഉൾപ്പെട്ട ചിലർ കേന്ദ്ര ഇന്‍റലിജൻസിന് രഹസ്യവിവരം നൽകുകയായിരുന്നു. കേസിന്‍റെ വിശദവിവരങ്ങൾ ഇപ്പോൾ പുറത്തു വിടാനാവില്ലെന്ന് റൂറൽ എസ്.പി ഡോ. വൈഭവ് സക്സേന വെളിപ്പെടുത്തി.
പ്രാഥമിക ചോദ്യംചെയ്യലിൽ കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണറിയുന്നത്. ഇവരുടെ തട്ടിപ്പിന്നിരകളായവരെ കണ്ടെത്തി വിശദ മൊഴിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.