മാമിയുടെ തിരോധാനത്തിൽ വഴിത്തിരിവ്; തട്ടിക്കൊണ്ടുപോയതാണെന്ന് ക്രൈംബ്രാഞ്ച്
കോഴിക്കോട്: ബാലുശ്ശേരിയിൽ നിന്ന് കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിനെ തടവിൽ പാർപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോയതാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരണം. തുടർന്ന് തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള പുതിയ വകുപ്പുകൾ ചേർത്ത് ക്രൈംബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് നിർണായക വഴിത്തിരിവാകുന്ന വിവരം ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് ലഭിച്ചത്. തിരോധാനക്കേസായാണ് മാമി കേസ് ലോക്കൽ പൊലിസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നത്. എസ്.പി പി. വിക്രമന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി വി.വി ബെന്നിയും സംഘവും ശാസ്ത്രീയതെളിവുകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മാമിയെ തട്ടികൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചത്.
2023 ആഗസ്റ്റ് 21നാണ് മാമിയെ കോഴിക്കോട്ട് നിന്ന് കാണാതായത്. 22ന് അർധരാത്രിയോടെ കുടുംബം നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാമിയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി റൂട്ടിൽ പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് മാമി എത്തിയതായി ലോക്കൽ പൊലീസ് കണ്ടെത്തി. എന്നാൽ പിന്നീട് എവിടേക്ക് പോയെന്ന് കണ്ടെത്താനായില്ല. ഇതോടെ ലോക്കൽ പൊലീസ് അന്വേഷണത്തിൽ മാമിയുടെ കുടുംബത്തിന് അതൃപ്തിയുണ്ടായി.
കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണർ മേൽനോട്ടം വഹിക്കുന്ന പ്രത്യേക സ്‌ക്വാഡും കേസ് അന്വേഷിച്ചു. ഫലമില്ലാതായതോടെ അന്നത്തെ എ.ഡി.ജി.പി എം.ആർ അജിത്കുമാർ, മലപ്പുറം എസ്.പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറി. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും മാമിയെ കുറിച്ചുള്ള വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിനും കണ്ടെത്താനായില്ല. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യം ഉന്നയിച്ചതോടെ 2024 സെപ്റ്റംബറിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
ഡ്രൈവറുൾപ്പെടെ മാമിയുമായി അടുത്ത ബന്ധമുള്ള ബിസിനസ് പങ്കാളികളായവരുടേതടക്കം 37,000 ഓളം ഫോൺ കോൾ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. സംശയിക്കുന്നവരുടെ പട്ടികയിലുള്ള ഓരോ വ്യക്തികളുടെയും മാസങ്ങളോളമുള്ള കോൾ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇത്തരം തെളിവുകളിൽ നിന്നാണ് തട്ടികൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.