കൊച്ചി: യുദ്ധ ഭീതിയുടെ സാഹചര്യത്തിൽ വിമാനത്താവളങ്ങൾ അടച്ചതോടെ കശ്മീരിൽ നിന്ന് നാട്ടലെത്താനാവാതെ മലയാളി സഞ്ചാരികൾ. പഹൽഗാം സംഭവത്തിന് പിന്നാലെ കശ്മീരിലേക്കുള്ള യാത്ര ബുക്കിങ് കൂട്ടത്തോടെ റദ്ദാക്കപ്പെട്ടെങ്കിലും മുൻ നിശ്ചയ പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ യാത്ര പുറപ്പെട്ടവരാണ് കശ്മീരിൽ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. അതേസമയം, യാത്ര ദിനങ്ങൾ വെട്ടിക്കുറച്ച് നേരത്തെ തന്നെ നാട്ടിലേക്ക് തിരിച്ചവർക്ക് പ്രയാസം നേരിടേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ ദിവസം പാക് ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായതിന് പിന്നാലെ ധർമ്മശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ചണ്ഡീഗണ്ഡ് വിമാനത്താവളങ്ങൾ അടച്ചിടാൻ തീരുമാനിച്ചിരുന്നു. ഇതോടെ നാട്ടിലെത്താനുള്ള ബദൽ ഗതാഗത സംവിധാനങ്ങൾ തേടി സഞ്ചാരികൾ അധികൃതരെയും ഏജൻസികളേയും സമീപിച്ചു.
പിന്നാലെ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലടക്കം ആകെ 27 വിമാനത്താവളങ്ങൾ ശനിയാഴ്ച വരെ അടച്ചിടാൻ വ്യാഴാഴ്ച തീരുമാനമുണ്ടായി. ഇതോടെ സഞ്ചാരികളിൽ ചിലർ ശ്രീനഗറിൽ തന്നെ തുടരാനും ചിലർ റോഡ് മാർഗം മടങ്ങാനും തീരുമാനിക്കുകയായിരുന്നു. എന്നാൽ, കശ്മീരിൽ നിന്ന് ജമ്മുവിലേക്കും മുഗൾ റോഡ് വഴിയും പുറപ്പെട്ട പല സഞ്ചാരികളും ജമ്മു, ലേ എന്നിവിടങ്ങളിൽ കുടുങ്ങി.
ജമ്മു ഭാഗത്തേക്ക് റോഡ് മാർഗം പോയ ചിലർക്ക് മണിക്കൂറുകളോളം മണ്ണിടിച്ചിൽ മൂലമുള്ള തടസം നേരിട്ടതായി കശ്മീരിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ഫിജോയ് ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഒന്നിലേറെ തവണ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ലേയിലും ജമ്മുവിലും മലയാളികളടക്കം സഞ്ചാരികൾക്ക് മടക്ക യാത്ര ഉറപ്പാകും വരെ അധികൃതരും ട്രാവൽ ഏജൻസികളും താമസ സൗകര്യം ഏർപ്പെടുത്തിയതായി ഫിജോയ് പറഞ്ഞു.
മെയ് രണ്ടിന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട അഞ്ച് ഹൈകോടതി ജീവനക്കാരും കുടുംബാംഗങ്ങളും ശ്രീനഗറിലെ സൊനമാർഗിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർ സുരക്ഷിതരാണ്. ഗതാഗത നിയന്ത്രണം മൂലമാണ് സഞ്ചാരികൾക്ക് തടസം നേരിട്ടിരിക്കുന്നതെന്ന് ടൂർ ഓപറേറ്റേഴ്സ് സംഘടന ഭാരവാഹി എസ്. ഋഷികേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.