കോട്ടയം: രാജ്യം അതീവജാഗ്രതയിലൂടെ കടന്നുപോകന്ന പശ്ചാത്തലത്തിൽ രാജ്യത്തിനും സൈനികർക്കും അതിർത്തിയിലെ ജനങ്ങൾക്കുമായി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ ആഹ്വാനം. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടേതാണ് ആഹ്വാനം.
ഭാരതീയ സഭ എന്ന നിലയിൽ ഈ ഘട്ടം രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ട സമയമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. അതിർത്തി കാക്കുന്ന സൈനികർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കണം. യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടിയാകണം പ്രാർത്ഥന. ഭാരതത്തിന്റെ തെക്കെ അറ്റത്തിരിക്കുന്ന നമുക്ക് യുദ്ധം കേവലം ഒരു വാർത്തമാത്രമായിരിക്കാം. എന്നാൽ ജീവനും ജീവിതവും പ്രതിസന്ധിയിലാകുന്ന ഒരു വലിയ സമൂഹം അതിർത്തിഗ്രാമങ്ങളിലുണ്ട്. മലയാളികളടക്കം നിരവധി സൈനികർ പോരാട്ടഭൂമിയിലുണ്ട്. അവരുടെ കുടുംബങ്ങളും ആശങ്കയിലാണ്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കേണ്ടത് ഒരോ ഭാരതീയന്റെയും രാഷ്ട്ര പ്രതിബദ്ധതയാണ്. രാജ്യത്തിന്റെ ഭരണാധികാരികൾക്ക് നയതന്ത്രമികവോടെ ഈ വിഷയത്തിന് പരിഹാരം കാണാൻ കഴിയട്ടെ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രത്യാശിച്ചു.
അടുത്ത ഞായറാഴ്ച്ച വിശുദ്ധ കുർബാനമധ്യേ മലങ്കരസഭയുടെ എല്ലാ പള്ളികളിലും പ്രത്യേക പ്രാർത്ഥന നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെയും ഭരണാധികാരികളെയും നമ്മുടെ സൈനികരെയും അതിർത്തിയിലെ സഹോദരങ്ങളെയും ഓർത്തും, ആഗോള സമാധാനത്തിനായും പ്രാർത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.