മാക്കൂട്ടം-പെരുമ്പാടി റോഡ് അറ്റകുറ്റപ്പണി ഉടൻ: എച്ച്.ഡി. കുമാരസ്വാമി

ബംഗളൂരു: കേരളത്തെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന കണ്ണൂര്‍-മാക്കൂട്ടം പെരുമ്പാടി- മൈസൂര്‍ പാത യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനും വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. മുഖ്യമന്ത്രി പിണറായി വിജയനെ ആണ് ഇക്കാര്യം അറിയിച്ചത്.

കനത്ത മഴയില്‍ റോഡ് പല ഭാഗത്തും തകരാറിലായതിനെ തുടര്‍ന്ന് പെരുമ്പാടി-മാക്കൂട്ടം റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന്, അടിയന്തിരമായി റോഡ് റിപ്പയര്‍ ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. 

മാത്രമല്ല, ജൂണ്‍ 17ന് ഡല്‍ഹിയില്‍ വെച്ച് ഇക്കാര്യം നേരിട്ട് കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധനറാവു ബംഗളൂരുവില്‍ പോയി ഈ പ്രശ്നം കുമാരസ്വാമിയുമായും കര്‍ണാടക പൊതുമരാമത്ത് മന്ത്രിയുമായും ഇന്ന് ചര്‍ച്ച ചെയ്യുകയുണ്ടായി. 

6.25 കോടി രൂപ ചെലവു വരുന്ന താല്‍കാലിക അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു. മാത്രമല്ല, സ്ഥിരം സ്വഭാവത്തില്‍ റോഡ് മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക വിദഗ്ധരുടെ ഉപദേശം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന റോഡ് എന്ന നിലയിലുളള പ്രധാന്യം കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്ന് കുമാരസ്വാമി കേരള മുഖ്യമന്ത്രിയെ അറിയിച്ചു.

Tags:    
News Summary - Makkoottam-Perumbatty Road Maintenance HD Kumaraswamy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.