കൊച്ചി: സ്ത്രീപീഡനക്കേസുകളിൽ മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ബുധനാഴ്ച മുതൽ നാലുദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം.
നാല് കേസുകളിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ബുധനാഴ്ച മുതൽ നാല് ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം, ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവെക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നല്‍കിയത്. പാസ്‌പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്നും, അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
തനിക്കെതിരെയുള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്ന വാദമുന്നയിച്ചാണ് ഇയാൾ കോടതിയെ സമീപിച്ചത്. അനീസ് അൻസാരിക്കെതിരെ മൊത്തം ഏഴു കേസുകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലഭിച്ച പരാതികളിൽ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
വിവാഹദിനത്തിൽ മേക്കപ്പിനു വന്നപ്പോൾ അനീസ് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന വിദേശ മലയാളി യുവതി നൽകിയ പരാതിയിൽ പറയുന്നത്. അനീസിനെതിരെ മറ്റ് പരാതികൾ ഉയർന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ കൂടുതൽ മൊഴി നൽകാൻ തയ്യാറാണെന്നും യുവതി പരാതിയിൽ വെളിപ്പെടുത്തി. ഇ-മെയിൽ വഴി അയച്ച പരാതി ആദ്യം രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചുവെങ്കിലും പിന്നീട് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.