'മ'യുടെ മാന്ത്രികൻ മകാരം മത്തായി അന്തരിച്ചു

കണ്ണൂർ: അക്ഷരപ്രാസം കൊണ്ട്​ ലോകറെക്കോർഡുകൾ സ്വന്തമാക്കിയ മകാരം മത്തായി (മാത്യു കൊട്ടാരം) അന്തരിച്ചു. 84 വയസായിരുന്നു.  മ'കാരത്തിൽ ആരംഭിക്കുന്ന അനേകം വാക്കുകൾ തുടർച്ചയായി ഉപയോഗിച്ചു നടത്തുന്ന പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണു് മകാരം മാത്യു. ഇടുക്കി ജില്ലയിൽ നിന്നും കണ്ണൂരിലേക്ക് കുടിയേറിയ വർക്കി, ബിജിത്ത എന്നിവരുടെ മകനാണ് കെ.വി. മത്തായി എന്ന മകാരം മാത്യു. അർബുദ രോഗത്തെ തുടർന്ന്​ ഇരിട്ടി, ചുങ്കക്കുന്നിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു.

1987 മാർച്ച് 31 ന് തിരുവനന്തപുരത്തുവെച്ച് പൊതുവേദിയിൽ 'മ'യുടെ പ്രകടനം ആദ്യമായി നടത്തി. അമേരിക്ക, ജർമ്മനി, ഗൾഫ് നാടുകൾ എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ച് 'മ'യുടെ പ്രകടനം കാണിച്ചു. ഏത് വിഷയം നൽകിയാലും അതിനെക്കുറിച്ച് 'മ'കാരത്തിൽ തുടങ്ങുന്ന വാക്കുകൾ ഉപയോഗിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് കഴിയും. 500ൽ അധികം ഉദാഹരണങ്ങൾ നിരത്തിയിട്ട് തുടർച്ചയായി ഏഴ് മണിക്കൂർ പ്രസംഗിച്ചതിനാൽ ലിംകാ ബുക്ക് ഓഫ് റെക്കാഡ്സിൽ കടന്നു. അതുപോലെ തുടർച്ചയായ 'മ' ഉപയോഗിച്ച് സംസാരിച്ചതിന്റെ ഫലമായി ചാൻസലർ വേൾഡ് ഗിന്നസ് ബുക്കിൽ പേര് ചേർക്കപ്പെട്ടു.

'മ'യിൽ ആരംഭിക്കുന്ന 2000 വാക്കുകൾ ഉള്ള 'മാമലക്ക് മാനഭംഗം' എന്ന ഖണ്ഡകാവ്യം ഉൾപ്പെടെ 13 കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മഹാത്മാ ഗാന്ധി, മദർ തെരേസ, മുഹമ്മദ് നബി, വൈക്കം മുഹമ്മദ് ബഷീർ, മാതാ അമൃതാനന്ദമയി എന്നിവരുടെ ജീവചരിത്രങ്ങൾ മകാരം മാത്യു, 'മകാരത്തിൽ' എഴുതിയിട്ടുണ്ട്. ഭാര്യ : ഏലിയാമ്മ, മക്കൾ: മേഴ്സി, മനോജ്

Tags:    
News Summary - makaram mathayi aka mathew kottaram passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.