കോഴിക്കോട്: രണ്ടു ലക്ഷത്തിലധികം മദ്റസാധ്യാപകരുള്ള കേരളത്തിൽ ക്ഷേമനിധിയിൽ അംഗത്വമെടുത്തത് 17,100 പേർ മാത്രം. നിരവധി സഹായങ്ങൾ ലഭിക്കുന്ന ക്ഷേമനിധിയോട് പലരും മുഖംതിരിക്കുകയാണ്. പലിശയുമായി ബന്ധപ്പെട്ടാണ് പദ്ധതിയെന്ന് കരുതിയാണ് പലരും അംഗത്വമെടുക്കാൻ മടിക്കുന്നത്. എന്നാൽ, 2011 മുതൽ പദ്ധതി പൂർണമായും പലിശരഹിതമാണെന്ന് കേരള മദ്റസാധ്യാപക ക്ഷേമനിധി ഒാഫിസ് മാനേജർ എം. ഹമീദ് ‘മാധ്യമ’ത്തോട് പറഞ്ഞു. സഹകരണ ബാങ്ക് മുേഖനയാണ് മുമ്പ് പദ്ധതി നടപ്പാക്കിയതെങ്കിലും നിലവിൽ ട്രഷറിയിൽ പലിശരഹിത അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പെൻഷൻ, വിവാഹ ധനസഹായം, ഭവനവായ്പ, ചിത്സസഹായം, വനിത അംഗങ്ങൾക്ക് പ്രസവാനുകൂല്യം തുടങ്ങി നിരവധി പദ്ധതികളാണ് ക്ഷേമനിധിയിലുള്ളത്. നിലവിൽ 65 വയസ്സ് കഴിഞ്ഞ 144 പേർക്ക് പെൻഷൻ നൽകുന്നു. 750 പേർക്ക് 75 ലക്ഷം രൂപ വിവാഹ ധനസഹായവും 37 പേർക്ക് ആറേകാൽ ലക്ഷം രൂപ ചികിത്സ സഹായവും ലഭിച്ചു. പുതുതായി പദ്ധതിയിൽ ഉൾെപ്പടുത്തിയ വനിത അംഗങ്ങൾക്കുള്ള പ്രസവാനുകൂല്യത്തിന് ഇതുവരെ ആരും അപേക്ഷിച്ചിട്ടില്ല.
20 വർഷത്തിൽ കുറയാത്തകാലം അംശാദായമടച്ച് ക്ഷേമനിധി അംഗത്വം നിലനിർത്തുകയും മദ്റസ അധ്യാപക ജോലിൽനിന്ന് സ്വയം വിരമിക്കുകയും ചെയ്ത അംഗത്തിന് മിനിമം പെൻഷന് അർഹതയുണ്ട്്. അംഗങ്ങൾക്ക് 65 വയസ്സിനുശേഷം ക്ഷേമനിധിയിലെ അംഗത്വപ്രാബല്യമനുസരിച്ച് 1000 രൂപ മുതൽ 5,129 രൂപവെര പെൻഷൻ ലഭിക്കും. ഇതിനുപകരം നിശ്ചിത തുക കൈപ്പറ്റാനും അവസരമുണ്ട്. രണ്ടുവർഷം പൂർത്തിയാക്കി അംഗത്വം നിലനിർത്തുന്നവർക്ക് സ്വന്തം വിവാഹത്തിനും പെൺമക്കളുെട വിവാഹത്തിനും ധനസഹായം ലഭിക്കും. ഗുരുതര രോഗങ്ങളുടെ ചികിത്സക്ക് 25,000 രൂപയും മറ്റു രോഗങ്ങൾക്ക് 5000 രൂപയുമാണ് നൽകുക. ന്യൂനപക്ഷ ധനകാര്യ കോർപറേഷനുമായി സഹകരിച്ചാണ് ക്ഷേമനിധി ഭവനനിർമാണത്തിന് പലിശരഹിത വായ്പ പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.