മലപ്പുറം: "അസ്സലാമു അലൈക്കും യാമൻ ഹള്റൻ കസ്റൻ കസ്റ, ബറകാത്തും തഹിയ്യത്തും അലൈഹിസ്സലാം, സലവാത്തും തസ്ലീമും അലാ ഹാമീം സുമറൻ സുമറ..." ബൈത്തിന്റെ ഈണത്തിനൊത്ത് പന്തല്ലൂർ ശ്രീ ഭഗവതിയുടെ തിരുമുറ്റത്ത് ഇസ്സത്തുൽ ഇസ്ലാം മദ്രസ്സയിലെ വിദ്യാർഥികൾ ദഫ് മുട്ടിയപ്പോൾ, കേരളത്തിനെതിരെയും പ്രത്യേകിച്ചും മലപ്പുറത്തിനെതിരെയും വിദ്വേഷം പരത്തുന്നവർ ഒരുതവണ കൂടി തോറ്റു. കൂടത്തായിയിൽ നബിദിന റാലിക്കിടയിലേക്ക് മിഠായിയുമായി എത്തിയ മാവേലിയും മലയാളികളുടെ മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും തിലകക്കുറിയായി മാറി.
പന്തല്ലൂർ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയ്ക്ക് പന്തല്ലൂർ ശ്രീ ഭഗവതി ക്ഷേത്രമുറ്റത്ത് നൽകിയ സ്വീകരണമാണ് മലപ്പുറത്തിന്റെ മതസൗഹാർദ്ദ പാരമ്പര്യത്തിന്റെ മനോഹര കാഴ്ചയായത്. പതിവുതെറ്റിക്കാതെ ഇത്തവണയും ഹൃദ്യമായ സ്വീകരണമാണ് ഘോഷയാത്രയ്ക്ക് ക്ഷേത്രഭാരവാഹികൾ നൽകിയത്. ഇസ്സത്തുൽ ഇസ്ലാം മദ്രസ്സയിലെ വിദ്യാർഥികളും നബിദിന ഘോഷയാത്രയെ സ്വീകരിക്കാൻ മധുരവുമായി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. മധുരം സ്വീകരിച്ച കുട്ടികൾ ക്ഷേത്രമുറ്റത്ത് ദഫ് പ്രകടനവും കാഴ്ചവെച്ചാണ് മടങ്ങിയത്. തിരുനടയിലെ ബൈത്തിന്റെ ഈരടികൾക്കൊപ്പം കുട്ടികൾ ദഫ് മുട്ടിയപ്പോൾ ആ സുന്ദരനിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ നാട്ടുകാർ മത്സരിക്കുകയായിരുന്നു.
വിദ്വേഷവും കലാപവും പുകയുന്ന ഇന്നത്തെ കാലത്ത്, മാനവികതയുടെയും മതേതരത്വത്തിന്റെയും തിളങ്ങുന്ന പ്രകാശഗോപുരമായി മാറുകയായിരുന്നു ഈ കാഴ്ച. വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ വായടപ്പിക്കുന്ന ഇത്തരം സാഹോദര്യത്തിന്റെയും സമുദായ സൗഹാർദ്ദത്തിന്റെയും വലിയ മാതൃകകൾ ഇന്ന് നബിദിന റാലിക്കിടെ പലയിടങ്ങളിലും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.