കൊച്ചി: കേരളത്തിലെത്തി വിവാഹിതയായ കുംഭമേള വൈറൽ താരത്തെയും ഭർത്താവ് ഫർമാൻ ഖാനെയും കണ്ടെത്താൻ കഴിയാതെ മധ്യപ്രദേശ് പൊലീസ്. രണ്ടുദിവസമായി കൊച്ചിയിൽ തുടരുന്ന സംഘത്തിന് പെൺകുട്ടിയെയോ ഫർമാൻ ഖാനെയോ കണ്ടെത്താനായിട്ടില്ല. പെൺകുട്ടി എവിടെയെന്നത് സംബന്ധിച്ച് വ്യക്തതയില്ല എന്ന വിവരമാണ് കേരള പൊലീസും കൈ മാറിയത്. ഇതോടെ മധ്യപ്രദേശ് പൊലീസിന്‍റെ അന്വേഷണം വഴിമുട്ടി.
വിവാഹം കഴിഞ്ഞ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ ഉള്ളൂ എന്ന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫർമാന്‍ ഖാൻ തട്ടിക്കൊണ്ടുപോയി എന്ന കേസിൽ പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കാനാണ് മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയത്. വനിതാ എസ്.ഐ ഉൾപ്പെടെ അഞ്ചു പേരാണ്സംഘത്തിലുള്ളത്. മാത്രമല്ല ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഈ മാസം 20 വരെ ഹൈക്കോടതി വിലക്കുമുണ്ട്.
അതേസമയം മധ്യപ്രദേശ് പൊലീസിന്‍റെ കേസ് റദ്ദാക്കണമെന്നാവശ്യവുമായി കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാൻ ഒരുങ്ങുകയാണ് പെൺകുട്ടി. ഫർമാന്‍ ഖാന്റെ സുഹൃത്തിനെ തേടി തൃക്കാക്കരയിലെത്തിയെങ്കിലും ഫലമുണ്ടായില്ല.മലയാള ചിത്രത്തിന്റെ തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പരിചയപ്പെട്ട ഫർമാൻ ഖാൻ എന്ന ഉത്തരേന്ത്യൻ യുവാവുമായി പ്രണയത്തിലായ പൊൺകുട്ടി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടുകയും, അതേദിവസം വൈകുന്നേരം അവരുടെ വിവാഹം നടക്കുകയുമായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അരുമാനൂർ നൈനാർ ദേവക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഇരു വീട്ടുകാരും ഈ വിവാഹബന്ധത്തെ അനുകൂലിച്ചിരുന്നില്ല. മൊണാലിസ മൈനർ ആണെന്നും 18 വയസ് തികഞ്ഞില്ലെന്നും കുടുംബം തുടക്കത്തിലേ ആരോപണം ഉന്നയിച്ചിരുന്നു. ആശുപത്രി രേഖകളിൽ മൊണാലിസ 2009 ഡിസംബർ 30നാണ് ജനിച്ചതെന്ന് രേഖപ്പെടുത്തിയതായി നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ് കണ്ടെത്തിയതായി പറയുന്നു. ഈ വർഷം മാർച്ച് 11ന് വിവാഹിതയാകുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സും 2 മാസവും 12 ദിവസവുമായിരുന്നു പ്രായമെന്നും അവർ പറയുന്നു. ഇതിനുപിന്നാലെയാണ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
മറ്റൊരു വിവാഹത്തിന് നിർബന്ധിച്ച പിതാവിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയെത്തുകയായിരുന്നു. കാമുകനോടൊപ്പമായിരുന്നു മൊണാലിസ തമ്പാനൂർ പൊലീസിൽ അഭയം തേടിയത്. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് പെൺകുട്ടി കാമുകനായ ഫർമാൻ ഖാനൊപ്പം കേരളത്തിൽ എത്തിയത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഫർമാൻ ഖാനുമായുള്ള വിവാഹം. . വിവാഹത്തിന് പിന്നാലെ മൊണാലിസയുടെ പ്രായത്തെചൊല്ലി നിരവധി ചർച്ചകൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.