മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ അന്തിമ വാദം പൂർത്തിയായി. കേസ് വിധി പറയുന്നതിനായി മാർച്ച് 18ലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് വാദം പൂർത്തിയായത്. കേസ് 18ലേക്ക് മാറ്റുന്നതായും അന്ന് വിധി പറയാൻ ശ്രമിക്കുമെന്നും ജില്ല സ്പെഷൽ ജഡ്ജി കെ.എം. രതീഷ് കുമാർ പറഞ്ഞു. എന്നാൽ, അന്ന് വിധി പറയാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
കേസിൽ വിചാരണ ആരംഭിക്കുമ്പോൾ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിചാരണ തുടങ്ങിയതിനു ശേഷം അഞ്ച് സാക്ഷികെള കൂടെ ചേർത്തതോടെ 127 സാക്ഷികളായി മാറി. 2022 ഏപ്രിൽ 28 നാണ് മണ്ണാർക്കാട് എസ്.സി - എസ്.ടി പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങിയത്. സാക്ഷികളിൽ 76 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 24 പേർ കൂറുമാറി. രണ്ടുപേർ മരിച്ചു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി.
കേസിൽ അന്വേഷണ റിപ്പോർട്ട് തയാറാക്കിയ മണ്ണാർക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റായിരുന്ന എം. രമേശൻ, മധുവിന്റെ ജാതി സർട്ടിഫിക്കറ്റ് തയാറാക്കിയ അട്ടപ്പാടി ട്രൈബൽ തഹസിൽദാർ ഷാനവാസ് ഖാൻ, വിവിധ ടെലിഫോൺ സർവിസ് പ്രൊവൈഡർമാരായ മൂന്നുപേർ എന്നിവരെയാണ് സാക്ഷിപട്ടികയിൽ ചേർത്ത് വിസ്തരിച്ചത്. സാക്ഷിവിസ്താരം തുടങ്ങി 11 മാസമാകുമ്പോഴാണ് കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.