ക്രൈംബ്രാഞ്ച് നീക്കത്തിന് പിന്നിൽ ശിവശങ്കർ, എന്തും നേരിടാൻ തയാറെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി ചമച്ചെന്ന കേസിലെ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിന് പിന്നിൽ ശിവശങ്കർ ആണെന്ന് സ്വപ്ന സുരേഷ്. വളരെ പെട്ടെന്ന് കുറ്റപത്രം നല്‍കിയതിന് പിന്നില്‍ ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ചിട്ടുണ്ടാകാമെന്നും സ്വപ്ന പറഞ്ഞു.

താന്‍ തുറന്ന് സംസാരിച്ചതിന്റെ അനന്തരഫലമായിരിക്കാം ഇത്തരം നടപടികൾ. ശിവശങ്കറിന്‍റെ തെറ്റായ ആരോപണങ്ങള്‍ക്കെതിരെ മാത്രമാണ് പ്രതികരിച്ചത്. ശിവശങ്കറിനൊപ്പം ആര് നില്‍ക്കും നില്‍ക്കില്ല എന്നത് വിഷയമല്ല. ആരോപണങ്ങളില്‍ പ്രതികരിച്ചത് തന്‍റെ അവകാശവും സ്വാതന്ത്ര്യവുമാണ്.

ശിവശങ്കറിനും അദ്ദേഹത്തിന്‍റെ പുസ്തകത്തിനുമെതിരെ പ്രതികരിച്ചതിലുള്ള ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്നെങ്കില്‍ ആക്രമണം, അല്ലെങ്കില്‍ മരണം, അല്ലെങ്കില്‍ ജയില്‍ എന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നത്. വളരെ ശക്തനും സ്വാധീനശക്തിയുള്ള ഒരു ഉദ്യോഗസ്ഥനെതിരെയാണ് പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്താണോ സംഭവിക്കാന്‍ പോകുന്നത് അത് നേരിടാന്‍ തയാറാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

സ്വപ്ന സുരേഷ് ഉൾപ്പെടെ 10 പേരെ പ്രതിയാക്കി എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി ചമച്ചെന്ന കേസിലാണ് ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിച്ചത്. രണ്ടാം പ്രതിയും എച്ച്.ആർ മാനേജരുമായിരുന്ന സ്വപ്ന സുരേഷ് ആണ് വ്യാജ പരാതി ഉണ്ടാക്കിയതെന്നും ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബ് ആണ് കേസിലെ ഒന്നാം പ്രതി. ദീപക് ആന്‍റോ, ഷീബ, നീതു മോഹൻ, എയർ ഇന്ത്യ ഉദ്യോഗസ്ഥയും ആഭ്യന്തര അന്വേഷണ സമിതി അധ്യക്ഷയുമായ ഉമ മഹേശ്വരി സുധാകരൻ, സത്യം സുബ്രഹ്മണ്യം, ആർ.എം.എസ് രാജു, ലീന ബിനീഷ്, സ്വതന്ത്ര അംഗം അഡ്വ. ശ്രീജ ശശിധരൻ എന്നിവരാണ് മറ്റ് പ്രതികൾ. 

Tags:    
News Summary - M Sivashankar is behind the crime branch move -Swapna Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.