കൊണ്ടോട്ടി: കശ്മീര്‍ ഭീകരാക്രമണ പശ്ചാത്തലത്തില്‍ വിമാന സര്‍വിസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഹജ്ജ് സര്‍വിസ് നിബന്ധനകളിലും മാറ്റം ഏര്‍പ്പെടുത്തി. എയര്‍ ലൈന്‍സ് കമ്പനികളുടെ നിര്‍ദേശപ്രകാരം ചില വിമാന സര്‍വിസുകളിലാണ് നിയന്ത്രണം. മേയ് 10ന് കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ആദ്യ രണ്ട് വിമാനങ്ങളിലും തീര്‍ഥാടകര്‍ക്ക് പരമാവധി 30 കിലോഗ്രാം ലഗേജ് (15 കിലോഗ്രാം വീതമുള്ള രണ്ട് ബാഗ് വീതം) മാത്രമേ അനുവദിക്കൂ.
ഹാന്‍ഡ് ബാഗിന്റെ ഭാരം പരമാവധി ഏഴ് കിലോഗ്രാമാകണം. മേയ് 10ന് ഐ.എക്സ് 3011, ഐ.എക്സ് 3031 നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്ന് സര്‍വിസ് നടത്തുന്നത്. ഈ വിമാനങ്ങളില്‍ അനുവദിച്ചതില്‍ കൂടുതല്‍ ഭാരം അനുവദിക്കില്ല. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
വനിത തീര്‍ഥാടകര്‍ക്ക് ഇത്തവണ 10 വിമാനങ്ങള്‍
കൊണ്ടോട്ടി: പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്ന വനിത തീര്‍ഥാടകര്‍ക്ക് മാത്രമായി 10 വിമാനങ്ങള്‍ സര്‍വിസ് നടത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുമായാണിത്. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് അഞ്ച് വിമാനങ്ങളും കണ്ണൂരില്‍ നിന്ന് രണ്ട് വിമാനങ്ങളും കൊച്ചിയില്‍ നിന്ന് മൂന്ന് വിമാനങ്ങളുമാണ് വനിത തീര്‍ഥാടകരുമായി യാത്രയാകുക. മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുമായി 2311 പേര്‍ക്കാണ് നറുക്കെടുപ്പില്ലാതെ ഈ വിഭാഗത്തില്‍ തീര്‍ഥയാത്രക്കായി അവസരം ലഭിച്ചത്. ഇവരില്‍ 2074 പേര്‍ക്കാണ് വനിത വിമാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.
കരിപ്പൂരില്‍നിന്ന് 865 പേരും കണ്ണൂരില്‍നിന്ന് 342 പേരും കൊച്ചിയില്‍ നിന്ന് 867 പേരുമാണ് വനിതകൾക്കുള്ള വിമാനങ്ങളില്‍ യാത്ര തിരിക്കുക. കരിപ്പൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും ആദ്യ വനിത വിമാനങ്ങള്‍ 12നും കൊച്ചിയില്‍ നിന്ന് 17നും പുറപ്പെടും. കരിപ്പൂരില്‍ നിന്ന് 12നും 13നും രണ്ട് വിമാനങ്ങളും 14ന് ഒരു വിമാനവും പുറപ്പെടും. കണ്ണൂരില്‍ നിന്ന് 12നുതന്നെയാണ് ആദ്യ രണ്ട് വനിത വിമാനങ്ങള്‍ സര്‍വിസ് നടത്തുക. 13നും രണ്ട് വിമാനങ്ങള്‍ വനിത തീര്‍ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടും. കൊച്ചിയില്‍ നിന്ന് 17, 18, 21 തീയതികളിലാണ് വനിത സംഘങ്ങളുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.