ലവ് ജിഹാദ് പരാമര്‍ശം: പി.സി. ജോര്‍ജിനെതിരെ കേസെടുക്കില്ല; പ്രസംഗത്തിൽ ഒന്നുമില്ലെന്ന് പൊലീസിന് നിയമോപദേശം
കോട്ടയം: ലവ് ജിഹാദ് പ്രസംഗത്തില്‍ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്‍റെ തീരുമാനം. കേസെടുക്കേണ്ടതായി പ്രസംഗത്തിൽ ഒന്നുമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ലഹരി ഭീകരതക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലായിരുന്നു ജോര്‍ജിന്‍റെ വിവാദ പ്രസ്താവന. നിരവധി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. മീനച്ചില്‍ താലൂക്കില്‍ മാത്രം ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നായിരുന്നു ജോര്‍ജിന്‍റെ വിവാദ പ്രസ്താവന. അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോര്‍ജ് പറഞ്ഞു.
‘25 വയസ്സാകുമ്പോൾ എനിക്കും പെണ്ണുങ്ങളെ കാണുമ്പോൾ സന്തോഷം തോന്നും. പെൺകൊച്ചിന് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ക്രിസ്ത്യാനികൾ 24 വയസ്സിനകം പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണം.
എന്തിനാണ് ക്രിസ്ത്യാനികൾ 25ഉം 30ഉം വയസ്സുവരെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാതെ വീട്ടിൽ നിർത്തിയിരിക്കുന്നത്. ഇന്നലെയും ഒരു 25 വയസ്സുകാരി പോയിട്ടുണ്ട്, അവളെ തപ്പുകയാണ്. എനിക്ക് ക്രിസ്ത്യൻ സഹോദരങ്ങളോടുള്ള അഭ്യർഥന, 24 വയസ്സിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണം. അതിനുശേഷം അവർ പഠിക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ.’ -ജോർജ് പാലായിൽ പറഞ്ഞു.
ചാനൽ ചർച്ചയിൽ പങ്കെടുക്കവെ, മുസ്ലിം സമൂഹത്തെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ ജോർജിന് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യം കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.