കോട്ടയം: എൻ.ഡി.എ സ്ഥാനാർഥിയെ കൂടി പ്രഖ്യാപിക്കുന്നതോടെ കോട്ടയം ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം ഇന്ന് വ്യക്തമാകും.
എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർഥിയാണ് കോട്ടയത്ത്. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തന്നെയാകും സ്ഥാനാർഥിയെന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ശനിയാഴ്ച ഉച്ചക്ക് തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസിന്റെ സ്ഥാനാർഥികളെ കോട്ടയത്ത് പ്രഖ്യാപിക്കും. അതിന് ശേഷം എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടക്കുന്നതോടെ കോട്ടയം ത്രികോണ പോരാട്ടത്തിലേക്ക് നീങ്ങും.
സംസ്ഥാനത്ത് ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച മണ്ഡലം എന്ന നിലയിൽ എൽ.ഡി.എഫ് പ്രചാരണത്തിൽ ഒരുപടി മുന്നിലായിരുന്നു. എന്നാൽ കരുത്തുറ്റ സ്ഥാനാർഥിയെ ഇറക്കി യു.ഡി.എഫും പ്രചാരണത്തിൽ അവർക്കൊപ്പം എത്തി. എൻ.ഡി.എ സ്ഥാനാർഥി കൂടി എത്തുന്നതോടെ കോട്ടയം തെരഞ്ഞെടുപ്പ് ചൂടിൽ അമരും. നിലവിലെ എം.പിയായ കേരള കോൺഗ്രസ് എമ്മിന്റെ തോമസ് ചാഴികാടനാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജാണ് യു.ഡി.എഫ് പ്രതിനിധി. സാമുദായിക വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ അതുറപ്പിക്കുകയാണ് മൂന്ന് മുന്നണികളുടെയും ലക്ഷ്യം.
കോട്ടയം ജില്ലയിലെ ആറും എറണാകുളത്തെ പിറവം നിയോജക മണ്ഡലവും ഉൾപ്പെട്ടതാണ് കോട്ടയം ലോക്സഭാ മണ്ഡലം. ക്രിസ്ത്യൻ വിഭാഗത്തിന് നിർണായ സ്വാധീനമുള്ളത് പോലെ നായർ, ഈഴവ വോട്ടുകളും മണ്ഡലത്തിൽ നിർണായകമാണ്. അതുകൂടി പരിഗണിച്ചാണ് ബി.ഡി.ജെ.എസ് തുഷാർ വെള്ളാപ്പള്ളിയെ തന്നെ മത്സരരംഗത്തേക്ക് ഇറക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി. തോമസ് ഒന്നരലക്ഷത്തോളം വോട്ട് പിടിച്ചതിന്റെ ആത്മവിശ്വാസവും നായർ, ഈഴവ വോട്ടുകളുമാണ് എൻ.ഡി.എ മണ്ഡലത്തിൽ ലക്ഷ്യമിടുന്നത്.
സി.പി.എം ഉൾപ്പെട്ട ഇടതുപാർട്ടികളുടെയും കേരള കോൺഗ്രസ് എമ്മിന്റെയും വോട്ടുകൾ ലഭിച്ചാൽ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് തോമസ് ചാഴികാടൻ.
എന്നാൽ യു.ഡി.എഫ് അനുകൂല മനസ്സുള്ള മണ്ഡലം ഇക്കുറിയും തങ്ങളെ തുണക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർഥിയായതിനാലാണ് ചാഴികാടൻ ജയിച്ചതെന്നും അവർ പറയുന്നു. ഏഴ് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിലും യു.ഡി.എഫ് പ്രതിനിധികളാണെന്നതും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ എം.പിയെന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് ചാഴികാടന്റെ പ്രചാരണം. പക്ഷെ കോൺഗ്രസിന് നിർണായക സ്വാധീനമുള്ള മണ്ഡലം യു.ഡി.എഫിനെ കൈവിടില്ലെന്ന പ്രതീക്ഷയാണ് ജോസഫ് വിഭാഗത്തിനുള്ളത്.
എന്നാൽ കോട്ടയം മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥി മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിനുണ്ടായിരുന്നു. എന്നാൽ മുന്നണി തീരുമാന പ്രകാരം യു.ഡി.എഫ് ആ സീറ്റ് കേരള കോൺഗ്രസിന് നൽകുകയായിരുന്നു. ആ അസംതൃപ്തി തെരഞ്ഞെടുപ്പിൽ പ്രകടമാകുമോയെന്ന ആശങ്ക കേരള കോൺഗ്രസിനുണ്ട്.
കഴിഞ്ഞതവണ സി.പി.എമ്മിലെ വി.എൻ. വാസവനെ പരാജയപ്പെടുത്തിയാണ് ചാഴികാടൻ എം.പിയായത്. ഇക്കുറി അവർക്കൊപ്പം ചേർന്നാണ് അദ്ദേഹം വോട്ട് പിടിക്കുന്നതെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. 44 വർഷത്തിന് ശേഷം കേരള കോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള മൽസരത്തിനൊപ്പം എൻ.ഡി.എ കൺവീനർ കൂടി എത്തുന്നതോടെ കോട്ടയത്ത് പോരാട്ടം തീപാറുമെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.