വയനാട് ഗവ. മെഡിക്കൽ കോളജ് അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും; ജനകീയ കർമസമിതി

മാനന്തവാടി: ദേശീയ മെഡിക്കൽ കമീഷൻ അംഗീകാരത്തോടെ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന വയനാട് ഗവ. മെഡിക്കൽ കോളജിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കുമെന്ന് മെഡിക്കൽ കോളജ് ജനകീയ കർമസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ കോളജിൽ അധ്യയനം തുടങ്ങി രണ്ടാം ബാച്ച് പ്രവേശനം നേടിയിട്ടും ചിലർ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്. നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി.) നിർദേശിക്കുന്ന സൗകര്യങ്ങൾ മാനന്തവാടിയിലെ ആശുപത്രിയിൽ ഉണ്ടായിരുന്നതിനാലാണ് മെഡിക്കൽ കോളജായി പ്രവർത്തിക്കാനുള്ള അംഗീകാരം ലഭിച്ചത്.

അക്കാദമിക, അടിസ്ഥാന സൗകര്യങ്ങൾ, കിടക്ക സൗകര്യം, നിലനിൽക്കുന്ന സ്ഥലം, അധ്യാപന, ആശുപത്രി സൗകര്യങ്ങൾ, ഭൂമി എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് അംഗീകാരം നൽകിയത്. ഇനിയൊരു സർക്കാർ ഉത്തരവിലൂടെ മാത്രം മെഡിക്കൽ കോളജ് കൽപറ്റയിലേക്ക് മാറ്റി സ്ഥാപിക്കാൻ ശ്രമിച്ചാൽ എൻ.എം.സിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാകും. ഇതിനു പുറമേ ഒട്ടേറെ സാങ്കേതികവും നിയമപരവുമായ പ്രതിസന്ധികളുമുണ്ടാകും.

മെഡിക്കൽ കോളജ് തുടങ്ങുമ്പോൾ സമീപത്തുള്ള ആശുപത്രിയിൽ 220 കിടക്ക സൗകര്യം വേണമെന്നാണ്. മടക്കിമലക്ക് സമീപമുള്ള കൽപറ്റ ജനറൽ ആശുപത്രിയിൽ ആകെ 124 കിടക്ക സൗകര്യമാണുള്ളത്. അതേസമയം മാനന്തവാടിയിലെ ആശുപത്രിയിൽ 382 മുതൽ 477 വരെ കിടക്ക സൗകര്യം നിലവിലുണ്ട്. വയനാട് ഗവ. മെഡിക്കൽ കോളജ് ജനകീയ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് അഡ്വ. ഷെബിൻ ജോർജ്, വൈസ് പ്രസിഡന്റുമാരായ ടി.എ. ഐസക്, ബേബി കാരക്കുനി, സെക്രട്ടറി റഷീദ് നിലാംബരി, അംഗങ്ങളായ അഡ്വ. അബ്ദുൽ റഷീദ് പടയൻ, ഉസ്മാൻ പി. കോക്കടവ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Wayanad Govt. to Resist Medical College Demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.