മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം ജങ്ഷനിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നു
മേപ്പാടി: ചുണ്ടേൽ-ഊട്ടി അന്തർ സംസ്ഥാന പാതയിൽ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലുള്ള ജങ്ഷനിൽ സീബ്രാലൈൻ ഇല്ലാത്തത് കാരണം വിദ്യാർഥികളും യാത്രക്കാരും റോഡ് മുറിച്ചു കടക്കുന്നത് ജീവൻ പണയംവെച്ചാണ്. ഏറെ വാഹനത്തിരക്കുള്ള ഇവിടെ റോഡ് മുറിച്ചു കടക്കുകയെന്നത് സാഹസിക പ്രവൃത്തിയാണ്.
കുടുംബാരോഗ്യ കേന്ദ്രം, ഗവ. ആയുർവേദ ഡിസ്പെൻസറി, സി.ഡി.എസ് ആസ്ഥാനം, പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി നിത്യേന വരുന്നവർക്ക് ഇവിടെ ബസിറങ്ങി റോഡ് മുറിച്ചു കടക്കേണ്ടി വരുന്നുണ്ട്.
ഗവ. ഹയർസെക്കൻഡറി സ്കൂൾ, വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്കൂളുകൾ, മുണ്ടക്കൈ ഗവ. എൽ.പി സ്കൂൾ എന്നിവയും ഇവിടെയാണുള്ളത്. ഇവിടേക്കുള്ള നിരവധിയായ വിദ്യാർഥികൾക്കും പ്രധാന പാത മുറിച്ചു കടക്കേണ്ടി വരുന്നുണ്ട്.
മാത്രവുമല്ല, ഇവിടെ അപകടങ്ങൾ പതിയിരിക്കുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും സീബ്രാലൈൻ വരക്കാൻ പൊതുമരാമത്ത് വകുപ്പധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ തുറക്കുന്നതിനു മുമ്പായി സീബ്രാലൈൻ വരക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.