ആക്രമണകാരിയായ കാട്ടാനയെ തിരയാനായി വനംവകുപ്പ് മുത്തങ്ങയിൽ നിന്ന് മേപ്പാടി പൂത്തുമലയിലെത്തിച്ച കുങ്കിയാനയായ
പ്രമോദും ഉണ്ണികൃഷ്ണനും
മേപ്പാടി: പുത്തുമല കശ്മീര്‍ ഇല്ലികൂടാരത്തില് ഷാജിയുടെ ഭാര്യ ജെസ്സി (45)യുടെ ജീവനെടുത്ത കാട്ടാനയെ മെരുക്കാനായി കുങ്കിയാനകളെ എത്തിച്ച് വനംവകുപ്പ്. മുത്തങ്ങയിൽ നിന്നാണ് ഉണ്ണികൃഷ്ണൻ, പ്രമോദ് എന്നീ കുങ്കിയാനകളെ ബുധനാഴ്ച രാവിലെ 11 മണിയോടെ പുത്തുമല ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചത്. ആക്രമണകാരിയായ ആന സമീപത്തെ വനപ്രദേശത്തു തന്നെ ഉണ്ടെന്നാണ് വനം വകുപ്പധികൃതർ നൽകുന്ന സൂചന. ചൊവ്വാഴ്ച രാവിലെ 6.30 ഓടെ മേപ്പാടി ചൂരല്‍മല റോഡില്‍ പുത്തുമലക്കും കള്ളാടിക്കും ഇടയിൽ സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചില്‍ പുത്തുമല ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ സ്ഥലത്തായിരുന്നു ജെസ്സിയെ ദാരുണമായി ആന കൊന്നത്. സ്കൂട്ടറിൽ മേപ്പാടി അരപ്പറ്റയിലെ ജോലി സ്ഥലത്തേക്ക് ഭര്‍ത്താവ് ഷാജിയുടെ കൂടെ പോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. അപകടത്തിൽ ഷാജിക്ക് നിസ്സാരപരിക്കേറ്റിരുന്നു.
ആക്രമണകാരിയായ ആനയെ പ്രദേശത്തു നിന്ന് നീക്കണമെന്ന നാട്ടുകാരുടെ ആവശ്യം മുഖവിലക്കെടുത്തു കൊണ്ടുള്ള നീക്കമാണ് വനം വകുപ്പധികൃതർ നടത്തുന്നത്. കുന്നും കൊക്കകളും എല്ലാം നിറഞ്ഞ വനപ്രദേശത്തേക്ക് ലോറികളൊന്നും എത്തുകയില്ല എന്നതിനാൽ മയക്കുവെടി വെച്ചാൽ പോലും ആനയെ സ്ഥലത്തു നിന്ന് നീക്കുക വെല്ലുവിളിയാണ്.
മറ്റ് മൂന്നു നാല് ആനകളോടൊപ്പമാണ് ആക്രമണകാരിയായ ആന ഇപ്പോഴുള്ളത്. എങ്കിലും മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചു കഴിഞ്ഞാൽ മയക്കുവെടിക്കുള്ള സാധ്യതയും അധികൃതർ പരിഗണിക്കും. കുങ്കിയാനകളുടെ സഹായത്തോടെ അധികൃതർ കാട്ടാനകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.