കുറവയിലെ ചങ്ങാട സവാരി
മാനന്തവാടി: കുറുവയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കാത്തത് വിനോദസഞ്ചാരികളെ നിരാശരാക്കുന്നു. വന സംരക്ഷണ സമിതി ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ മുമ്പ് ഹൈകോടതി നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മാസങ്ങളോളം അടച്ചിട്ട കുറുവ ദ്വീപ് സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുവരുത്തി പ്രവേശന നിരക്ക് വർധിപ്പിച്ച് 2024 ഒക്ടോബർ 15നാണ് വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നത്. അയൽ സംസ്ഥാനങ്ങളിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി പേരാണ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാനെത്തുന്നത്.
എന്നാൽ, പാക്കം ചെറിയ മല വഴിയും പാൽ വെളിച്ചം വഴിയും 244 പേർക്ക് വീതമാണ് പ്രവേശനമുള്ളത്. അവധി ദിവസങ്ങളിലും മറ്റും നിരവധിപേരാണ് ദ്വീപ് സന്ദർശിക്കാനെത്തുന്നത്. ഇവർക്ക് ടിക്കറ്റ് ലഭിക്കുന്നില്ല. ഇതോടെ സഞ്ചാരികൾ നിരാശയോടെ മടങ്ങുകയാണ്. കുറുവ ദ്വീപിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കച്ചവടക്കാരുടെ ജീവിതത്തെയും ഇത് പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഒപ്പം വടക്കെ വയനാടിന്റെ ടൂറിസം രംഗത്തിനും തിരിച്ചടിയായി മാറിയിട്ടുണ്ട്. മനോഹരമായ കാഴ്ചയും കയാക്കിങ്ങും അപൂർവ സസ്യ സമ്പത്തും പക്ഷികളും കബനിയിലൂടെയുള്ള ചങ്ങാട യാത്രയും ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്. നിയന്ത്രണത്തിൽ അയവുവരുത്താൻ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ 52522 പേരാണ് കുറുവ ദ്വീപ് സന്ദർശിച്ചത്. കാലവർഷത്തെത്തുടർന്ന് രണ്ടുമാസം ദ്വീപ് അടച്ചിട്ടു. 10 മാസക്കാലയളവിൽ ചങ്ങാടസവാരിക്ക് 18,38270 രൂപയും റാഫ്റ്റിങ്ങിന് 33,33710 രൂപയും ദ്വീപ് സന്ദർശനത്തിനുള്ള ടിക്കറ്റ് നിരക്കിനത്തിൽ 45,3600 രൂപയും ഉൾപ്പെടെ 56,25580 രൂപയാണ് സർക്കാറിന് ലഭിച്ചത്.
പ്രവേശന ഫീസ് നികുതി ഉൾപ്പെടെ മുതിർന്നവർക്ക് 220 രുപയും കുട്ടികൾക്ക് 100 രൂപയും വിദേശികൾക്ക് 440 രൂപയുമാണ്, പ്രവേശന ഫീസിൽ 35 രൂപ മാത്രമാണ് ഡി.ടി.പി.സിക്ക് ലഭിക്കുന്നത്. കയാക്കിങ്ങിന് രണ്ടുപേർക്ക് 300 രൂപയും റാഫ്റ്റിങ്ങിന് മുതിർന്നവർക്ക് 100 രൂപയും 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് നിരക്ക്. സഞ്ചാരികൾക്കുള്ള നിയന്ത്രണം നീക്കണമെന്ന ആവശ്യത്തിൽ മാത്രം അധികൃതർക്ക് കുലുക്കമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.