പ്രതീകാത്മക ചിത്രം

കാട്ടുപന്നികളുടെ കാര്യം 'പഞ്ചായത്താക്കി'

കൽപറ്റ: കൃഷിയിടത്തിലെത്തുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് അനുവാദം നൽകുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്ക് നല്‍കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ ജില്ലയിലെ കർഷകർക്ക് ആശ്വാസം.

ജില്ലയിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ അനുഭവിക്കുന്ന കാട്ടുപന്നിശല്യത്തിന് നേരിയതോതിലെങ്കിലും അറുതിവരുത്താൻ ഈ തീരുമാനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഇതുസംബന്ധിച്ച അപേക്ഷകളിൽ പഞ്ചായത്ത്, മുനിസിപ്പൽ അധികൃതർക്ക് അനുവാദം നൽകാമെന്ന സർക്കാർ തീരുമാനത്തെ കർഷക സംഘടനകളടക്കമുള്ളവർ സ്വാഗതംചെയ്യുകയാണ്.

കാട്ടുപന്നിശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ അവയെ വെടിവെച്ചുകൊല്ലാനുള്ള അനുവാദം ഇതുവരെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്നു. ജില്ല ഫോറസ്റ്റ് ഓഫിസറുടെ അനുമതിയോടെ ലൈസൻസുള്ളവർക്ക് പന്നിയെ വെടിവെച്ചുകൊല്ലാമായിരുന്നു. ആവശ്യമെങ്കിൽ പ്രത്യേക പരിശീലനം ലഭിച്ചവരുടെ സഹായവും വനംവകുപ്പിന് തേടാമായിരുന്നു. എന്നാൽ, കാട്ടുപന്നിശല്യം ചൂണ്ടിക്കാട്ടി നൽകുന്ന അപേക്ഷകളിൽ തീരുമാനമെടുക്കാൻ ഏറെ കാലതാമസമെടുക്കുന്നതിനാൽ ഇതുകൊണ്ട് ഉപകാരമില്ലാതാവുന്നുവെന്ന പരാതി കർഷകർ പതിവായി ഉന്നയിച്ചിരുന്നു. ഇതേതുടർന്നാണ് തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്.

വയനാട്ടിൽ ഗ്രാമങ്ങളും നഗരങ്ങളുമെന്ന വ്യത്യാസമില്ലാതെ കാട്ടുപന്നിശല്യം വ്യാപകമാണ്. ഗ്രാമങ്ങളിൽ രാത്രി കൂട്ടമായും അല്ലാതെയും എത്തുന്ന കാട്ടുപന്നികൾ ചേന, ചേമ്പ്, വാഴ, കപ്പ, കാച്ചിൽ, നെൽകൃഷി തുടങ്ങിയവയെല്ലാം നശിപ്പിക്കുന്നതിനാൽ സഹികെട്ടിരിക്കുകയാണ് കർഷകർ.

പന്നിശല്യം കാരണം ജില്ലയിൽ ഏറെ കർഷകർ കിഴങ്ങുവിളകളുടെ കൃഷിയിൽനിന്ന് പിന്മാറിയിട്ടുമുണ്ട്. പന്നികൾ ആളുകളെ ആക്രമിക്കുന്ന സംഭവങ്ങളും ജില്ലയിലുണ്ടായിട്ടുണ്ട്.

കാട്ടുപന്നികൾ പെരുകിയ സാഹചര്യത്തിൽ ഇവ വാഹനങ്ങളിലിടിച്ചുണ്ടാവുന്ന അപകടങ്ങളും വർധിച്ചുവരുകയാണ്. ഇരുചക്രവാഹനങ്ങളാണ് അധികവും അപകടത്തിൽപെടുന്നത്. കാട്ടുപന്നികൾ കൃഷി നശിപ്പിച്ചാൽ കാര്യമായ നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ നഷ്ടപരിഹാരത്തിനായി ജില്ലയിലെ കർഷകർ മെനക്കെടാറുമില്ല.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന നടപടികളുടെ ഭാഗമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ തയാറാക്കിയ ഹോട്സ്പോട്ടുകളുടെ പട്ടികയിൽ ജില്ലയിലെ 49 വില്ലേജുകളിൽ 38 എണ്ണവും ഉൾപ്പെടുന്നതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഹോട്സ്പോട്ട് വില്ലേജുകൾ കൂടുതലുള്ള നാലാമത്തെ ജില്ലയാണ് വയനാട്. എന്നാൽ, ശതമാനക്കണക്കിൽ കേരളത്തിൽ ഒന്നാമതാണ് വയനാട്. ജില്ലയിലെ 77 ശതമാനം വില്ലേജുകളും ഹോട്സ്പോട്ടുകളാണ്. കാട്ടുപന്നികളുടെ ആക്രമണം, ജനവാസ മേഖല, പരിക്കേൽപിക്കൽ, മരണനിരക്ക് എന്നിവ കണക്കാക്കിയാണ് ഹോട്സ്പോട്ടുകൾ തയാറാക്കിയത്.

മാംസം വിൽപന നടത്തി പണം പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം

കൃഷിയിടങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കുന്ന വന്യജീവിയായ കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നൽകുന്നതിൽ സംസ്ഥാന സർക്കാറിന്‍റെ പുതിയ തീരുമാനം സ്വാഗതാർഹമാണ്. കാട്ടിൽ കുറുക്കന്മാർ ഉണ്ടായിരുന്നപ്പോൾ പന്നിക്കുഞ്ഞുങ്ങളെ ഭക്ഷിക്കുന്നതിനാൽ ഇവ പെരുകുന്നത് നിയന്ത്രിക്കപ്പെട്ടിരുന്നു. ഇപ്പോൾ ക്രമാതീതമായി പെരുകി കർഷകർക്ക് വൻ നാശമാണ് കാട്ടുപന്നികൾ ഉണ്ടാക്കുന്നത്.

പന്നികളുടെ ജഡം ശാസ്ത്രീയമായി മറവുചെയ്യണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, കൊല്ലുന്നവയുടെ മാംസം വിൽപന നടത്തി, അതിൽനിന്ന് ലഭിക്കുന്ന പണം പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കും നിർധനരുടെ ചികിത്സക്കും ഉപയോഗിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കണം. എങ്കിൽ, ഇവയെ കൊല്ലുന്നത് സമൂഹത്തിന് പ്രത്യക്ഷത്തിൽ ഉപകാരപ്പെടുന്ന അവസ്ഥയുണ്ടാവും.

ടി.എസ്. ദിലീപ് കുമാർ (പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്)

തീരുമാനം സ്വാഗതാർഹം

ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുവാദം നൽകാൻ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് അധികാരം നൽകിയത് സ്വാഗതാർഹമാണെന്ന് പി. അബൂബക്കർ. തോക്ക് ലൈസൻസ് സ്വന്തമായുള്ള, കൽപറ്റ ഗിരിനഗർ സ്വദേശിയായ അബൂബക്കറിനെ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ പലതവണ വനംവകുപ്പ് ആശ്രയിച്ചിരുന്നു.

'നിയമവശങ്ങളെല്ലാം പരിശോധിച്ചു മാത്രമേ പന്നികളെ വെടിവെക്കാനാവൂ. തോട്ടത്തിന്റെ ഉടമ ആദ്യം അപേക്ഷ കൊടുക്കണം. വെടി പൊട്ടിക്കാനായി നമ്മൾ ചെല്ലുമ്പോൾ പന്നി ആ തോട്ടത്തിൽനിന്ന് മറ്റിടങ്ങളിലേക്കു മാറിയിട്ടുണ്ടെങ്കിൽ വെടിവെക്കാനാവില്ല. തിരകൾ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളും സങ്കീർണമാണ്. തിര വാങ്ങണമെങ്കിൽ കൊച്ചിയിൽ പോകേണ്ട അവസ്ഥയാണ്. ജില്ലയിൽ ഇവ വാങ്ങാനുള്ള കടയില്ല. ഒരു പന്നിയെ വെടിവെച്ചുകൊന്നാൽ 1000 രൂപയാണ് പ്രതിഫലം. തിര വാങ്ങാനുള്ള ചെലവും മറ്റും കണക്കുകൂട്ടുമ്പോൾ ഈ തുക നന്നേ കുറവാണെന്നും അബൂബക്കർ പറയുന്നു.

പി. അബൂബക്കർ, (തോക്ക് ലൈസൻസി)

Tags:    
News Summary - Wild Boar shooting: relief to district in new order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.