സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് നടത്തിയ നിയമലംഘന സമരം എൽ.ഡി.എഫ് ജില്ല കൺവീനർ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അഭിഭാഷകന്റെ ആത്മഹത്യ: ബാങ്കിന് മുന്നിൽ കർഷകരുടെ നിയമലംഘന സമരം

കൽപറ്റ: ശാഖകൾക്ക് മുന്നിലെ കർഷക സമരത്തിനെതിരെ കോടതി ഉത്തരവ് വാങ്ങിയ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടപടിക്കെതിരെ ഇടതുപക്ഷ കർഷക സമരസമിതിയുടെ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപള്ളി ശാഖയിലേക്ക് നിയമലംഘന മാർച്ച് നടത്തി.

ബാങ്കിന്റെ ജപ്തി ഭീഷണി മൂലം ഇരുളത്ത് ആത്മഹത്യ ചെയ്ത എം.വി. ടോമിയുടെ കടബാധ്യതകൾ എഴുതി തള്ളാമെന്ന് ബാങ്ക് അധികൃതർ സമരസമിതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചതിനാണ് ബാങ്ക് ശാഖക്ക് മുന്നിൽ ഇടതുപക്ഷ കർഷക സമരസമിതി ഉപരോധ സമരങ്ങൾ നടത്തിയത്.

കനത്ത മഴയുണ്ടായിട്ടും നൂറുകണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു. അഴീക്കോടൻ സ്മാരക മന്ദിരത്തിൽനിന്ന് ആരംഭിച്ച മാർച്ച് പുൽപ്പള്ളി ടൗൺ ചുറ്റി സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖക്ക് മുന്നിൽ എത്തിയപ്പോൾ വൻ പൊലീസ് സംഘം പ്രവർത്തകരെ തടഞ്ഞു.

ബാങ്കിന്റെ 100 മീറ്റർ പരിധിയിൽ സമരം നടത്തുന്നത് തടഞ്ഞുള്ള വിധി ഹൈകോടതിയിൽനിന്ന് ബാങ്ക് അധികൃതർക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ബാങ്ക് ശാഖക്ക് മുന്നിൽ നടത്തിയ യോഗം എൽ.ഡി.എഫ് ജില്ല കൺവീനർ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എസ്.ജി. സുകുമാരൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ, കർഷക സംഘം ജില്ല സെക്രട്ടറി പി.കെ. സുരേഷ്, സി.ജി. പ്രത്യുഷ്, എം.ഒ. സുരേഷ് ബാബു, എൻ.ഒ. ദേവസ്യ, കെ. മുഹമ്മദ് കുട്ടി, കെ.പി. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. സമരസമിതി കൺവീനർ എ.വി. ജയൻ സ്വാഗതം പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ നീതി കാട്ടണമെന്നും ഇരുളത്ത് ആത്മഹത്യ ചെയ്ത അഭിഭാഷകൻ ടോമിയുടെ കടബാധ്യതകൾ എഴുതി തള്ളണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ആവശ്യപ്പെട്ടു.

ബാങ്ക് അധികൃതർ വാഗ്ദാനത്തിൽനിന്നും പിൻവാങ്ങുകയാണെങ്കിൽ സമരം ബാങ്കിന്റെ തൃശൂർ ഹെഡ് ഓഫിസിലേക്ക് മാറ്റാൻ നിർബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Lawyer's suicide: Farmers strike in front of bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.