പുല്പള്ളി മുണ്ടക്കുറ്റിയില്‍ വീടിനു മുന്നില്‍ കൂട്ടിയിട്ട അടക്ക
കല്പറ്റ: ഉൽപാദനത്തകര്ച്ചക്കിടയിലും അടക്കയുടെ മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ആശ്വാസമായി. പൊളിക്കാത്ത അടക്ക കിലോക്ക് 42 രൂപയും പൊളിച്ചതിന് (പൈങ്ങ) 142 രൂപയുമാണ് വില. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മെച്ചപ്പെട്ട വിലയാണിതെന്നു കൃഷിക്കാര്‍ പറയുന്നു.
നിലവില്‍ ഏകദേശം 13,000 ഹെക്ടറിലാണ് കൃഷി. കമുകു തോട്ടങ്ങളില്‍ ഏറെയും പഴയ പാടങ്ങളാണ്. നെൽകൃഷി ആദായകരമല്ലാത്തതാണ് കർഷകരെ കമുക് കൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.
കമുക് തനിവിളയായും ഇടവിളയായും കൃഷി ചെയ്യുന്നുണ്ട്. ഏതാനും വര്‍ഷങ്ങളായി കമുകുകര്‍ഷകര്‍ വലിയ ഉൽപാദനത്തകര്ച്ചയാണ് നേരിടുന്നത്. മഹാളി, ഇല മഞ്ഞളിപ്പ് രോഗങ്ങള്‍ക്കും പ്രതികൂല കാലാവസ്ഥക്കും പുറമെ കായ്പൊഴിച്ചിലും ഉൽപാദനക്കുറവിനു കാരണങ്ങളാണ്. വിവിധ രോഗങ്ങളുടെ പിടിയിലാണ് ജില്ലയിലെ കുമുകുതോട്ടങ്ങളില് പാതിയില്‍ അധികവും.
അടക്ക വിളവെടുപ്പുകാലം കമുകുകയറ്റത്തിലും അടക്ക പൊളിക്കലിലും ഏർപ്പെടുന്ന തൊഴിലാളികള്‍ക്കും നല്ലകാലമാണ്. ഒരു കമുകില്‍ കയറുന്നതിനു തൊഴിലാളിക്ക് 15 രൂപയാണ് കൂലി. സ്ത്രീ തൊഴിലാളികളാണ് അടക്ക പൊളിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവരില്‍ അധികവും. ഒരു ക്വിൻറല്‍ അടക്ക പൊളിക്കുന്നതിന് 1400 രൂപ വരെയാണ് കൂലി.
കര്‍ഷകരില്‍നിന്ന് വ്യാപാരികള്‍ വാങ്ങുന്ന പൊളിച്ച അടക്ക ഇടനിലക്കാര്‍ മുഖേന കര്‍ണാടകയിലെ മാര്‍ക്കറ്റുകളിലേക്കാണ് പ്രധാനമായും േപാകുന്നത്. തൃശൂരിലേക്കും കയറ്റി പോകുന്നുണ്ട്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും തൃശൂരിലും പൈങ്ങ സംസ്കരണ ശാലകളുണ്ട്. വയനാട്ടില്‍നിന്ന് പഴുത്ത അടക്ക വാങ്ങി കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയിലെത്തിച്ച് ഉണക്കിയശേഷം വില്ക്കുന്നവരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.