ക്ഷേത്രഭൂമി കൈയേറിയ സംഭവം: പ്രത്യക്ഷസമരം നടത്തും

മാനന്തവാടി: ക്ഷേത്രഭൂമി കൈയേറി തടാകം നിർമിച്ച സംഭവത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ നടത്തുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മക്കിമല ടീ എസ്റ്റേറ്റിലെ പുരാതനമായ ക്ഷേത്രമാണ് ദുർഗ ഭഗവതിക്ഷേത്രം. അന്നത്തെ എസ്റ്റേറ്റ് ഉടമ പ്രദേശത്തെ വനവാസികൾക്കും നാട്ടുകാർക്കും ആരാധന നടത്താൻ ക്ഷേത്രത്തോടനുബന്ധിച്ച് മൂന്നര ഏക്കർ സ്ഥലം രേഖാമൂലം ക്ഷേത്രത്തിന് നൽകിയതാണ്. ഈയടുത്ത കാലത്തായി ഉടമയെന്ന് അവകാശപ്പെട്ട് എത്തിയ ആൾ ക്ഷേത്രം ഭൂമി കൈയേറി വലിയ തടാകമാണ് നിർമിച്ചത്. ഇപ്പോഴും നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. അനധികൃതമായി ഭൂമി കൈയേറി തടാകം നിർമിച്ചതിനെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. പണാധിപത്യവും രാഷ്ട്രീയസ്വാധീനവും ഉപയോഗിച്ച് ക്ഷേത്രഭൂമി കൈയേറി ടൂറിസം പദ്ധതി നടപ്പാക്കാനാണ് ഇപ്പോഴത്തെ നടത്തിപ്പുകാരൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം നീക്കത്തെ എന്ത് വില കൊടുത്തും ചെറുക്കും. കൈയേറിയ ഭൂമി തിരിച്ചേൽപിക്കുകയും കൈയേറിയതിന് നിയമനടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ പ്രത്യക്ഷസമരം നടത്തും. വാർത്തസമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ, ജില്ല സെക്രട്ടറി സി.കെ. ഉദയൻ, താലൂക്ക് ജനറൽ സെക്രട്ടറി കെ.വി. സനൽകുമാർ, ഐക്യവേദി തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറി പി.കെ. കൃഷ്ണൻ കുട്ടി, പ്രക്ഷോഭസമിതി വൈസ് പ്രസിഡന്റ് എ. മുരുകേശൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.