കെ.എൽ.ആർ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; വീടിന് അപേക്ഷിക്കാനാകാതെ ജനം

കെ.എൽ.ആർ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; വീടിന് അപേക്ഷിക്കാനാകാതെ ജനം വൈത്തിരി: വ്യാജ കെ.എൽ.ആർ തട്ടിപ്പിനെ തുടർന്ന് വൈത്തിരിയിൽ വീടിനും കെട്ടിടനിർമാണത്തിനും അപേക്ഷിക്കാനാകാതെ ജനം വലയുന്നു. കെ.എൽ.ആർ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ ജനങ്ങൾക്ക് അപേക്ഷ നൽകാനാകുന്നില്ല. പഞ്ചായത്തും റവന്യൂ അധികൃതരും അപേക്ഷയുമായി എത്തുന്നവരെ വലക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നേരത്തെ വൈത്തിരി പഞ്ചായത്തിന് കീഴിലുള്ള വില്ലേജ് ഓഫിസുകളിൽ ലഭിച്ചിരുന്ന കെ.എൽ.ആറിനുള്ള അപേക്ഷകൾ മാനന്തവാടി സബ് കലക്ടറുടെ ഓഫിസിൽനിന്നുള്ള അനുമതി ലഭിച്ചശേഷം മാത്രമായിരുന്നു നൽകിയിരുന്നത്. ഇങ്ങനെ നൽകിയിരുന്ന കെ.എൽ.ആർ അപേക്ഷയോടൊപ്പം സമർപ്പിക്കുന്നതിന് അനുസൃതമായാണ് പഞ്ചായത്ത് ഓഫിസിൽനിന്ന്​ കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകിയിരുന്നത്. വീടുവെക്കാനും മറ്റുമായി മതിയായ രേഖകൾ സമർപ്പിച്ചിട്ടും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിട്ടും അനുമതി കാത്ത്​ മൂന്നാഴ്ചയിലധികമായി കാത്തിരിക്കുന്നവരും നിരവധിയാണ്. മാനന്തവാടി സബ് കലക്ടറുടെ ഓഫിസിൽ നിരവധിതവണ നേരിട്ട് ചെന്നിട്ടും കെ.എൽ.ആർ രേഖകൾ ലഭിക്കുന്നില്ലെന്നാണ് പരാതി. മതിയായ രേഖകളില്ലെങ്കിൽ പഞ്ചായത്ത് കെട്ടിടം നിർമിക്കുന്നതിനുള്ള അനുമതി പരിഗണിക്കുന്നുമില്ല. എന്നാൽ, വ്യാജ രേഖാനിർമാണം പുറത്തുവന്നതോടെ കെ.എൽ.ആർ രേഖകൾ കർശന പരിശോധനക്ക് ശേഷം മാത്രം കൊടുത്താൽ മതിയെന്ന ജില്ല ഭരണകൂടത്തി​ൻെറ ഉത്തരവുള്ളതിനാൽ എല്ലാ രേഖകളും വ്യക്തമാണെങ്കിൽ മാത്രമാണ് ശിപാർശയുമായി സബ് കലക്ടർ ഓഫിസിലേക്ക് അയക്കുന്നത്. അത്യാവശ്യക്കാരായവരുടെ അപേ‍ക്ഷ വില്ലേജ് ഓഫിസറുടെ ശിപാർശപ്രകാരം മാനന്തവാടിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. അപേക്ഷയുടെ ക്രമനമ്പർ അനുസരിച്ചാണ് രേഖകൾ അനുവദിക്കുന്നതെന്ന് റവന്യൂ ഓഫിസിൽനിന്ന്​ അറിയിച്ചു. ചെറിയ വീടുകളുണ്ടാക്കാനുള്ള അനുമതിക്കായി അപേക്ഷ നൽകിയവർപോലും നീണ്ട കാത്തിരിപ്പിലാണ്. ബക്രീദ്: പ്രോട്ടോകോൾ പാലിക്കണംകൽപറ്റ: ബക്രീദി​ൻെറ ഭാഗമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തണമെന്ന് ജില്ല കലക്ടറും പൊലീസ് മേധാവിയും അറിയിച്ചു. ആഘോഷങ്ങള്‍ ചുരുക്കണം. മഹല്ലുകളില്‍ നടക്കുന്ന അറവും മാംസ വിതരണവും ബന്ധപ്പെട്ട സ്​റ്റേഷന്‍ ഹൗസ് ഓഫിസറുടെ അറിവോടെ മാത്രമേ നടത്താന്‍ പാടുള്ളൂ. മാംസവിതരണം ഹോം ഡെലിവറിയിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂ. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള 40 പേരെ മാത്രമാണ് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനക്ക് എത്തുന്നതെന്ന്​ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ശ്രദ്ധിക്കണം. ഗൃഹസന്ദര്‍ശനങ്ങളും മറ്റ് ആഘോഷങ്ങളും ഒഴിവാക്കണമെന്നും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. പള്ളിയിൽ പെരുന്നാളുമായി ബന്ധപ്പെട്ട് 40 പേർക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂവെന്ന് പൊലീസ് മേധാവി അരവിന്ദ് സുകുമാർ അറിയിച്ചു. പെരുന്നാൾ നമസ്കാര രാവിലെ ഒമ്പതിന് മുമ്പ് അവസാനിപ്പിക്കണം. ബലിമൃഗങ്ങളെ അറുക്കുന്ന സ്ഥലത്ത് പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്. അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങരുതെന്നും അറിയിച്ചു. കാല്‍വഴുതി പുഴയില്‍ വീണ വീട്ടമ്മക്ക് പുനര്‍ജന്മം; രക്ഷകരായി ഫയര്‍മാന്‍മാര്‍മാനന്തവാടി: കാല്‍വഴുതി പുഴയില്‍ വീണ വീട്ടമ്മക്ക് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടി. മാനന്തവാടി കമ്മന എടത്തില്‍ വീട്ടില്‍ അന്നമ്മ പൗലോസാണ് (69) ചൊവ്വാഴ്ച രാവിലെ മാനന്തവാടി ഫയര്‍സ്‌റ്റേഷന്​ പിറകിലൂടെ ഒഴുകുന്ന പുഴയില്‍ കാല്‍വഴുതി വീണത്. രാവിലെ 7.30ഓടെയായിരുന്നു സംഭവം. ഈ സമയം മാനന്തവാടി ഫയര്‍ സ്‌റ്റേഷനിലെ ഫയര്‍മാന്‍മാരായ ടി. ബിനീഷ് ബേബിയും വി. മിഥുനും സ്‌റ്റേഷന്​ പിറകില്‍ പല്ലുതേക്കുകയായിരുന്നു. ചെക്ക്ഡാമിന്​ തൊട്ടുതാഴെയായാണ് അന്നമ്മ വെള്ളത്തില്‍ വീണത്. ഇവിടെ നല്ല ഒഴുക്കുണ്ടായിരുന്നു. അന്നമ്മ വെള്ളത്തില്‍ വീഴുന്നതുകണ്ട ഉടന്‍ രണ്ടു സേനാംഗങ്ങളും കുത്തൊഴുക്കിനെ അവഗണിച്ച് പുഴയിലേക്ക് എടുത്തുചാടി നീന്തിച്ചെന്ന് അവരെ കരയിലെത്തിച്ചു. അപ്പോഴേക്കും ബാക്കി സേനാംഗങ്ങള്‍ ജീപ്പുമായി പാലം കടന്ന് മറുകരയിലെത്തി അന്നമ്മയെ കയറ്റി മാനന്തവാടിയിലെ ആശുപത്രിയിലേക്ക് കുതിച്ചു. അരമണിക്കൂര്‍ നിരീക്ഷണത്തിനുശേഷം അന്നമ്മയെ ആശുപത്രിയില്‍നിന്ന്​ ഡിസ്ചാര്‍ജ് ചെയ്തു. മഴക്കാലമായതിനാല്‍ പുഴയില്‍ നല്ല വെള്ളമുണ്ടായിരുന്നു. സമയം വൈകീയാല്‍ വീട്ടമ്മയുടെ ജീവന്‍ അപകടത്തിലാകുമെന്നുകണ്ട് ധരിച്ചിരുന്ന വസ്ത്രങ്ങളുമായി ഫയര്‍മാന്‍മാര്‍ പുഴയില്‍ചാടി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. മാനന്തവാടി ഫയര്‍ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അസി. സ്‌റ്റേഷന്‍ ഓഫിസര്‍ പി.സി. ജയിംസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ ഒ.ജി. പ്രഭാകരന്‍, ഫയര്‍മാന്‍മാരായ ഇ.കെ. ആഷിഫ്, എം.ഡി. രമേഷ്, വിശാല്‍ അഗസ്​റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്നമ്മയെ ആശുപത്രിയില്‍ എത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.