വ്യാജ കെ.എൽ.ആർ സർട്ടിഫിക്കറ്റ്: വൈത്തിരി പൊലീസ് കേസെടുത്തു

* പഞ്ചായത്ത് സെക്രട്ടറിയും താലൂക്ക് തഹസിൽദാറും നൽകിയ പരാതിയിലാണ് കേസ് വൈത്തിരി: പഞ്ചായത്തിൽ കെട്ടിടനിർമാണത്തിനായി അപേക്ഷയോടൊപ്പം വ്യാജ കെ.എൽ.ആർ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ വൈത്തിരി പൊലീസ് കേസെടുത്തു. കോഴിക്കോട് കൊടുവള്ളി ഒറ്റക്കണ്ടത്തിൽ വീട്ടിൽ അബ്​ദുൽ സത്താർ, ജംഷീറ എന്നിവർക്കെതിരെ ഐ.പി.സി 465, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വൈത്തിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വൈത്തിരി താലൂക്ക് തഹസിൽദാറും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്​റ്റർ ചെയ്തത്. വ്യാജ കെ.എൽ.ആർ സമർപ്പിച്ചവർക്കെതിരെ അടിയന്തരമായി പരാതി നൽകാൻ സബ് കലക്ടർ നിർദേശം നൽകിയിരുന്നു. ഇരുവരുടെയും പേരിലാണ് ചുണ്ടേൽ വില്ലേജിൽ കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലമുള്ളത്. തഹസിൽദാർ നൽകിയതായുള്ള കെട്ടിട നിർമാണ അനുമതിക്കുള്ള കെ.എൽ.ആർ സർട്ടിഫിക്കറ്റടക്കം രണ്ട്​ അപേക്ഷകളാണ് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ എത്തിയത്. കെ.എൽ.ആർ സർട്ടിഫിക്കറ്റിൽ പതിച്ച സീലിൻെറ വലുപ്പ വ്യത്യാസവും മുൻ തഹസിൽദാറുടെ ഒപ്പിലെ വ്യത്യാസവും കണ്ടെത്തിയ സെക്രട്ടറി സൂക്ഷ്മ പരിശോധനക്കായി സർട്ടിഫിക്കറ്റ് താലൂക്ക് ഓഫിസിലേക്ക് അയച്ചു. തുടർന്നുള്ള പരിശോധനയിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. എന്നാൽ, രണ്ടാമത്തെ അപേക്ഷയിൽ തഹസിൽദാർ ഒപ്പിട്ടത് സംബന്ധിച്ച് പരിശോധന നടക്കുകയാണ്. ജില്ലയിൽ കെട്ടിട നിർമാണങ്ങൾക്ക്​ ചില നിയന്ത്രണങ്ങളുള്ളതിനാൽ ഇപ്പോൾ മാനന്തവാടി സബ് കലക്ടറുടെ അനുമതിയോടെ മാത്രമാണ് കെ.എൽ.ആർ സർട്ടിഫിക്കറ്റുകൾ നൽകുന്നത്. വില്ലേജ് ഓഫിസർമാരാണ് ഈ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ എൽ.ആർ ഡെപ്യുട്ടി തഹസിൽദാറും സർട്ടിഫിക്കറ്റിൽ ഒപ്പിടാറുണ്ട്. ചുണ്ടേലിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം സ്വദേശി നൽകിയ അപേക്ഷയോടൊപ്പം നൽകിയ കെ.എൽ.ആർ സാക്ഷ്യപത്രത്തിൽ തഹസിൽദാറാണ് ഒപ്പിട്ടത്. കെട്ടിടം നിർമിക്കാനുള്ള അനുമതി നൽകാൻ പറ്റാത്ത സ്ഥലത്തിന് തഹസിൽദാർ കെ.എൽ.ആർ നൽകാനുണ്ടായ സാഹചര്യത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. താലൂക്ക് ഓഫിസിലെ ജീവനക്കാർക്ക്​ ഇതിൽ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കും. കലക്ടറുടെ ഉത്തരവ് പ്രകാരം ഉയർന്ന റവന്യു ജീവനക്കാർ താലൂക്ക് ഓഫിസിലെത്തി പരിശോധന നടത്തിയിരുന്നു. സംശയമുള്ള ഫയലുകളുടെ പകർപ്പ് ശേഖരിച്ചു. വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചു പഞ്ചായത്തിൽനിന്നു കൂടുതൽ നിർമാണാനുമതി നേടിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പെരുമ്പാവൂരിലേക്ക് ഈട്ടിത്തടി കടത്തിയ ലോറി പിടികൂടി കൽപറ്റ: മുട്ടിൽ സൗത്ത്​ വില്ലേജിലെ പട്ടയ ഭൂമിയിൽനിന്ന് അനധികൃതമായി മുറിച്ച ഈട്ടിത്തടി പെരുമ്പാവൂരിലേക്ക് കടത്തിയ ലോറി വനംവകുപ്പ് പിടികൂടി. കൊടുവള്ളി മാനിപുരത്ത് നിന്ന് പിടികൂടിയ വാഹനം അന്വേഷണത്തിൻെറ ഭാഗമായി കസ്​റ്റഡിയിലെടുത്ത് വയനാട്ടിലെത്തിച്ചു. കൊടുവള്ളി സ്വദേശി ജിനീഷിൻെറ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഇദ്ദേഹം വിദേശത്താണ്. കൂരാച്ചുണ്ട് സ്വദേശി അരുൺ ആൻറണിയാണ് വാഹനം ഓടിച്ചിരുന്നതെന്ന് കേസ് അന്വേഷിക്കുന്ന മേപ്പാടി ഫോറസ്​റ്റ് റേഞ്ച് ഓഫിസർ എം.കെ. സമീർ പറഞ്ഞു. പെരുമ്പാവൂരിലെ മില്ലിലെത്തിച്ച ഈട്ടിത്തടികൾ ഫെബ്രുവരി എട്ടിന് വനംവകുപ്പ് കസ്​റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് റവന്യൂ ഭൂമിയിൽ നടന്ന മരംകൊള്ളയുടെ ഞെട്ടിക്കുന്ന കഥകൾ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് 43 കേസുകളാണ് രജിസ്​റ്റർ ചെയ്തത്. അന്വേഷണം അവസാനഘട്ടത്തിലാണ്. മുഖ്യപ്രതികളുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.