ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചാൽ കടുത്ത നടപടി -മന്ത്രി

ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചാൽ കടുത്ത നടപടി -മന്ത്രിഗൂഡല്ലൂർ: സർക്കാർ സ്വകാര്യ ആശുപത്രി ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ആക്രമിക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താൽ പൊലീസ് നടപടി നേരിടേണ്ടിവരുമെന്ന് ജനക്ഷേമ മന്ത്രി എം. സുബ്രമണി മുന്നറിയിപ്പ്​ നൽകി. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ–സ്വകാര്യ ആശുപത്രികളിൽ രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. സർക്കാർ ആശുപത്രികളും ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ ആരോഗ്യവിഭാഗം ചികിത്സ നൽകി രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. ഊണും ഉറക്കവും ആരോഗ്യവും നോക്കാതെയാണ് ഡോക്ടർമാരടക്കമുള്ളവർ ജോലിചെയ്യുന്നത്. ചികിത്സ ഫലിക്കാതെ രോഗികൾ മരിക്കാൻ ഇടയാകുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അവരുടെ ബന്ധുക്കൾ ഡോക്ടർമാരെ കൈയേറ്റം ചെയ്യാനും അപമര്യാദയായി പെരുമാറിയ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളിൽ ബഹളമുണ്ടാക്കാനും അക്രമം നടത്താനും ഒരാളെയും അനുവദിക്കില്ല. അക്രമത്തിന് തുനിഞ്ഞാൽ അവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും. കോവിഡ് ചികിത്സക്ക് ചില സ്വകാര്യ ആശുപത്രികൾ അമിത ചാർജ് ഈടാക്കുന്നതായും മുഖ്യമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിയിൽ സൗജന്യ ചികിത്സ നൽകാതെ പണം ആവശ്യപ്പെടുന്നതായും പരാതികൾ ലഭിക്കുന്നു. ഇത്തരം സ്വകാര്യ ആശുപത്രികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും അവരുടെ അംഗീകാരം റദ്ദുചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.