സ്ത്രീസുരക്ഷക്കുള്ള 'അപരാജിത' പരാജയത്തിൽ; പരാതികളിലെ നടപടിയിൽ വ്യക്തതയില്ല

തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കിയ പദ്ധതിയായ 'അപരാജിത' പരാജയമായി. ലഭിച്ച പരാതികളിൽ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തതയില്ല. വനിതാസെൽ എസ്.പി പരാതികൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പദ്ധതി ആരംഭിച്ചപ്പോൾ പ്രഖ്യാപിച്ചിരുന്നത്. പദ്ധതിക്ക് നേതൃത്വം നല്‍കുന്ന വനിത സെല്ലിന്‍റെ തലപ്പത്ത് മാസങ്ങളായി ആളില്ല. ലഭിക്കുന്ന പരാതികള്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുന്നതിനപ്പുറം ആ പരാതികളിൽ എന്തു നടപടികൾ സ്വീകരിച്ചെന്ന കാര്യത്തിൽ വ്യക്തതയില്ല.

സംസ്ഥാനത്ത് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമം വർധിക്കുന്നെന്നാണ് സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. ഏറ്റവും കൂടുതല്‍ അതിക്രമം നടന്നത് കോവിഡ് ലോക്ഡൗണുണ്ടായിരുന്ന 2021ൽ ആയിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ അതിനു തടയിടുന്നതിനായി സർക്കാർ വിവിധ പദ്ധതികളെക്കുറിച്ച് ചിന്തിച്ചു. അതിനിടെയാണ് സ്ത്രീധനപീഡനത്തെ തുടർന്ന് കൊല്ലത്ത് വിസ്മയ എന്ന യുവതി ജീവനൊടുക്കിയത്. അതിനെ തുടർന്നാണ് 'അപരാജിത' പദ്ധതി പൊലീസ് പ്രഖ്യാപിച്ചതും നടപ്പാക്കിയതും.

ഇ-മെയിലായി ലഭിക്കുന്ന പരാതി വനിത സെല്‍ എസ്.പി നേരിട്ട് പരിശോധിക്കുന്നതായിരുന്നു സംവിധാനം. എന്നാൽ, ഇപ്പോൾ വനിത സെല്ലിന്‍റെ തലപ്പത്ത് വനിത പോയിട്ട് എസ്.പി തന്നെ ഇല്ല. പൊലീസ് െട്രയിനിങ് കോളജ് പ്രിന്‍സിപ്പലിന് താൽക്കാലിക ചുമതലയാണ് നൽകിയിട്ടുള്ളത്. അതിനാല്‍ ലഭിക്കുന്ന പരാതികൾ ജില്ല എസ്.പിമാര്‍ക്ക് ഫോർവേഡ് ചെയ്യുന്ന ജോലി മാത്രമാണ് നടക്കുന്നത്. ഇതിനകം 3517 പരാതികളാണ് ഈ സംവിധാനത്തിൽ ലഭിച്ചിട്ടുള്ളത്. എന്നാൽ, എത്ര പരാതികളിൽ തീർപ്പായെന്ന കാര്യത്തിൽ വ്യക്തതയില്ല.

സ്ത്രീധന പീഡനം സംബന്ധിച്ച് ഫോണിൽ പരാതി നല്‍കുന്നതായിരുന്നു രണ്ടാമത്തെ സംവിധാനം. എസ്.പി ആര്‍. നിശാന്തിനിയെ ഇതിന്‍റെ നോഡല്‍ ഓഫിസറാക്കിയിരുന്നു. അതിനായി കൊണ്ടുവന്ന നമ്പറും കണ്‍ട്രോള്‍ റൂമും നിലവിലുണ്ട്. പക്ഷെ, നിശാന്തിനിക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെ നോഡല്‍ ഓഫിസറില്ലാതായി. 10 മാസത്തിനിടെ 470 പേര്‍ സ്ത്രീധന പീഡനത്തില്‍നിന്ന് അഭയംതേടി വിളിച്ചെങ്കിലും അവയെല്ലാം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയാണ് ചെയ്തത്.

Tags:    
News Summary - Women safety issue in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.