സാമ്പത്തിക പരാധീനത: വൃക്ക തട്ടിപ്പിന്​ ഇരയായവർ സർക്കാറി​െൻറ കനിവ്​ തേടുന്നു

വിഴിഞ്ഞം: സാമ്പത്തിക പരാധീനതകളാൽ വൃക്ക വിൽക്കേണ്ടിവന്നവർക്ക് തുടർ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അടിയന്തരമായി വേണ്ടത് സർക്കാറി​െൻറ കൈത്താങ്ങ്. സംഭവത്തിൽ പരാതി ലഭിച്ചിട്ടും തുടർ നടപടികൾ ഇല്ലാത്തതിനാലും പരാതി നൽകിയാൽ സ്വയം നടപടിയുണ്ടാകുമെന്ന ഭയത്തിൽ വൃക്ക വിറ്റവർ ഇതിന് തയാറാകുന്നില്ല. ഏജൻറുമാരുടെ കെണിയിൽ അകപ്പെട്ട് വൃക്ക നൽകിയവരിൽ പലർക്കും ജോലിക്കുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. ആവശ്യം കഴിഞ്ഞശേഷം ഏജൻറുമാർ വലിച്ചെറിഞ്ഞ ഇവർക്ക് തുടർചികിത്സക്ക്​ സാമ്പത്തികമില്ല.

ശസ്ത്രക്രിയ നടന്ന ആശുപത്രിയിൽ പോയി ഇതി​െൻറ ചികിത്സ ചെയ്യാനുള്ള യാത്ര, താമസം, ഭക്ഷണച്ചെലവുകൾ താങ്ങാൻ കഴിയാത്തതിനാൽ പലരും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ട് ജീവിതം മുന്നോട്ട് തള്ളിനീക്കുകയാണ്. പലർക്കും ജോലികൾ ചെയ്യാൻ പോലുമുള്ള ആരോഗ്യമില്ലാത്തതിനാൽ കടങ്ങൾ തീർക്കാൻ വൃക്ക നൽകിയവർ സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വൃക്ക മാഫിയകളുടെ പ്രാദേശിക ഏജൻറുമാർ ആകേണ്ട ഗതികേടിലാണ്. ആരോഗ്യ പ്രശ്നങ്ങൾ പുറത്ത് പറഞ്ഞാൽ വൃക്ക വിൽക്കാൻ ആരും വരില്ലെന്നതിനാൽ ഇവർ ഇത് മറച്ചുവെക്കുന്നു. ഇത്തരത്തിൽ സാമ്പത്തിക ബാധ്യതകളാൽ അവയവ മാഫിയയുടെ കെണിയിൽ അകപ്പെട്ട് വൃക്ക നൽകിയവരുടെ തുടർ ചികിത്സക്ക്​ സമീപത്തെ സർക്കാർ ആശുപത്രികൾ വഴി ഉടനടി മെഡിക്കൽ സംഘത്തെ നിയോഗിച്ച് ഇവർക്ക് വേണ്ട വൈദ്യസഹായം സർക്കാർ ഇടപെട്ട് ഒരുക്കിയില്ലായെങ്കിൽ അത് ഇക്കൂട്ടരുടെ ജീവന് തന്നെ ആപത്താകുന്ന സാഹചര്യമാണ്. ആശുപത്രികളിലെ സർക്കാർ വക അംഗീകാര കമ്മിറ്റികളിലെ ചിലർക്കും ഇതിൽ പങ്കുള്ളതായാണ് ആരോപണം. കാര്യങ്ങൾ വേഗത്തിലാക്കാൻ ഇവരാണ് ഏജൻറുമാർക്ക് സഹായം ഒരുക്കുന്നതെന്നാണ് വിവരം.

അവയവമാറ്റ ശസ്ത്രക്രിയക്ക് അനുമതി ലഭിച്ചാൽ ഇവർക്കുള്ള കമീഷൻ ഏജൻറുമാർ വീട്ടിലെത്തി നൽകുമെന്നാണ് പറയുന്നത്. 50,000 മുതൽ ഒരുലക്ഷം വരെയാണ് ഇവർക്ക് കമീഷൻ നൽകുന്നതെന്നാണ് വിവരം. തീരദേശ മലയോരമേഖലകൾ കേന്ദ്രീകരിച്ചാണ് അവയവ മാഫിയയുടെ പ്രധാന പ്രവർത്തനം. കേരളത്തിന് പുറത്ത് കർണാടകയിൽവെച്ച് ഇവർ നിയമവിരുദ്ധമായി അവയവ ശസ്ത്രക്രിയകൾ നടത്തുന്നതായും സൂചനയുണ്ട്. തിരുവനന്തപുരം അഞ്ചുതെങ്ങും തൃശൂർ ചാവക്കാടും സമാനതരത്തിൽ വൃക്കവിൽപന നടന്നതായി പൊലീസ് വിവരമുണ്ട്. വൃക്ക നൽകിയ കോട്ടപ്പുറം സ്വദേശിനി ഒരാഴ്ച മുമ്പ്​ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയെന്ന് വിഴിഞ്ഞം സി.ഐ അറിയിച്ചെങ്കിലും നടപടിയുണ്ടാകാൻ കാലതാമസം നേരിടുന്നത് കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുന്നതിന് തടസ്സമാകുന്നു. വാർത്തകൾ വന്നതിന് പിന്നാലെ ഇവരിൽ പലർക്കും പ്രധാന ഏജൻറുമാരുടെ ഫോൺ വിളികൾ വന്നതായും വിവരമുണ്ട്. ഓരോദിവസം വൈകുന്തോറും അവയവ മാഫിയയുടെ കണ്ണികൾ രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ സംഭവത്തിൽ പൊലീസ് ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുകയാണ്.


Tags:    
News Summary - Victims of kidney fraud seek government mercy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.