തട്ടിപ്പ് കേസില്‍ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളും പിടിച്ചെടുത്ത പണവും മറ്റ്
വസ്തുക്കളും കാറും
വെഞ്ഞാറമൂട്: ജഡ്ജി ചമഞ്ഞെത്തി വീട്ടമ്മയില്‍ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേര് അറസ്റ്റില്‍. വായ്പാ കുടിശ്ശിക എഴിത്തള്ളാന് സഹായിക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. കണ്ണൂര്‍ ചിറയ്ക്കല്‍ കവിതാലയത്തില്‍ ജിഗേഷ്.കെ.എം.(40), മാന്നാര്‍ ഇരുമന്തൂര്‍, അച്ചത്തറ വടക്കതില്‍ വീട്ടില്‍ സുമേഷ്(36) എന്നിവരാണ് അറസ്റ്റിലായത്. ആഡംബര കാര്‍, 91,000 രൂപ, യു.പി.എസ്.സി.യുടേത് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലേക്ക് പലര്‍ക്കായി തയാറാക്കി വച്ചിരുന്ന വ്യാജ നിയമന ഉത്തരവുകള്‍ എന്നിവയും പിടിച്ചെടുത്തു.
വെഞ്ഞാറമൂട് സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. 2022 ജൂണിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. പരാതിക്കാരി കേരളാ ബാങ്കില്‍ നിന്നും 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടവ് മുടങ്ങുകയും ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇക്കാര്യം വീട്ടമ്മയുടെ ഒമാനില്‍ ജോലി നോക്കുന്ന ഭര്‍ത്താവ് കൂടെ ജോലി നോക്കുന്ന മൂവാറ്റുപുഴ സ്വദേശിയോട് പറഞ്ഞിരുന്നു. തന്റെ പരിചയത്തില്‍ കേരളാ ബാങ്കിന്റെ കാര്യങ്ങള്‍ നോക്കുന്ന ജഡ്ജിയുണ്ടന്നും താൽപര്യമുണ്ടെങ്കിൽ ഏര്പാടാക്കാമെന്നും ഇയാൾ അറിയിച്ചു.
പിന്നാലെയാണ് ജിഗേഷും സുമേഷും രംഗത്തെത്തുന്നത്. 2022ല്‍ പല തവണയായി ഇരുവും ആറുലക്ഷം രൂപ കൈക്കലാക്കി. ഇതൊക്കെയായിട്ടും ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ സംശയം തോന്നിയ വീട്ടമ്മ പ്രതികളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നൽകിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ആലപ്പുഴ ഭാഗത്തുണ്ടന്ന് മനസ്സിലാക്കി നടത്തിയ അന്വേഷണത്തില്‍ മണ്ണഞ്ചേരിയില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. നിരവധി തട്ടിപ്പുകേസുകളിൽ പ്രതികളാണിവർ. എസ്.എസ്.എൽ.സി തോറ്റയാളാണ് ജഡ്ജിയായി അഭിനയിച്ചത്. പല സ്ഥലങ്ങളില്‍ മാറിമാറി താമസിച്ച് ഫോണ്‍ നമ്പരുകള്‍ മാറ്റി പത്രങ്ങളില്‍ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തുന്നത്.
ഇവരിൽ നിന്ന് പിടിച്ചെടുത്ത പണം ദേവസ്വം ബോര്‍ഡില്‍ വ്യാജ നിയമന ഉത്തരവ് നൽകി ഒരാളിൽ നിന്ന് തട്ടിയതാണ്. ഇവർക്കെതിരെ 2014ല്‍ കണ്ണൂരിലും 2018ല്‍ പെരുമ്പാവൂരിലും, വയനാട്, ആലപ്പുഴ, എന്നിവിടങ്ങളിലും സമാന തട്ടിപ്പുകള്‍ക്ക് കേസുകളുണ്ട്. വെഞ്ഞാറമൂട് എസ്.എച്ച്.ഒ. ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സജിത്ത്, ഷാജി.എം.എ., ഷാജി.വി. സി.പി.ഒ.മാരായ സന്തോഷ്, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.