വെഞ്ഞാറമൂട്: കല്ലറ-പാങ്ങോട് സമരചരിത്രത്തിലിടം നേടിയ കല്ലറ ഉൾക്കൊള്ളുന്ന ജില്ലാ ഡിവിഷനില്‍ മത്സരം മൂന്ന് മൂന്നണികള്‍ക്കും അഭിമാനപ്പോരാട്ടം. മുന്നണികള്‍ മത്സര രംഗത്ത് ഇറക്കിയത് കന്നിക്കാരെയാണങ്കിലും തിരഞ്ഞെടുപ്പുകളില്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിച്ച് അനുഭവ സമ്പത്തുള്ളവരാണ്. എല്‍.ഡി.എഫിനായി പുലിപ്പാറ സന്തോഷ്, യു.ഡി.എഫിനായി സുധീര്‍ ഷാ പാലോട്, എന്‍.ഡി.എ.ക്കായി അഡ്വ. ഷൈന്‍ ദിനേഷ് എന്നിവരാണ് മത്സരിക്കുന്നത്.
വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെയാണ് സന്തോഷിന്റെ പൊതു പ്രവര്‍ത്തന രംഗത്തേക്കുള്ള കടന്ന് വരവ്. പുന്നീട് യുവജന പ്രസ്ഥാനത്തിലെത്തുകയും എ.വൈ.എഫിന്റെ ജില്ലാ സെക്രട്ടറിയാവുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ സർവീസില്‍ ജോലി ലഭിക്കുന്നത്.
ജോലിയില്‍ പ്രവേശിച്ച ശേഷം പ്രവര്‍ത്തനം സർവീസ് സംഘടനാ രംഗത്തായി. ദീര്‍ഘകാലം ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ട്രഷറര്‍, സര്‍വീസ് സംഘടന മുഖപത്രം കേരള എന്‍.ജി.ഒ.യുടെ എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു. സ്‌റ്റേറ്റ് ന്യൂട്രീഷന്‍ ഓഫീസില്‍ നിന്നാണ് വിരമിച്ചത്. നിലവില്‍ സി.പി.ഐ അസിസ്റ്റന്റ് മണ്ഡലം സെക്രട്ടറിയാണ്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥി ഷബീര്‍ ഷാ പാലോടും പൊതു രംഗത്തേക്ക് കടന്നത്. ഭരതന്നൂര്‍ ഹയര്‍ സെക്കന്റഡറി സ്‌കൂള്‍ കെ.എസ്.യു. യൂണിറ്റ് ഭാരവാഹി, പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് യൂണിയന്‍ ഭാരവാഹി, കെ.എസ്.യു. ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഇതിന് ശേഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി. ഈ കാലഘട്ടത്തില്‍ തലസ്ഥാനത്ത് നടന്ന നടന്ന ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നൽകുകയും പോലീസ് മര്‍ദനത്തിരയാവുകയും ജയില്‍ വാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റാണ്.
അഡ്വ.ഷൈന്‍ ദിനേശാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. അഭിഭാഷകനാണ്. ബി.ജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍, അഭിഭാഷക പരിഷത് ജില്ലാ കമ്മിറ്റി അംഗം, ബി.ജെ.പി. കിളിമാനൂര്‍ മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2005ലും 2010ലും തുടര്‍ച്ചയായി കോണ്‍ഗ്രസ് വിജയിച്ച കല്ലറ ഡിവിഷനില്‍ 2015ല്‍ എല്‍.ഡി.എഫ്. പിടിച്ചെടുത്തു. സി.പി.ഐ സ്ഥാനാര്‍ഥി എസ്.എം.റാസിയാണ് വിജയിച്ചത്.
400 വോട്ടായിരുന്നു ഭൂരിപക്ഷം. 2020ലും വിജയം ആവര്‍ത്തിച്ചു. ബിന്‍ഷ ബി.ഷറഫായിരുന്നു വിജയി. 6006 വോട്ടായിരുന്നു ഭൂരിപക്ഷം. പാങ്ങോട്, കല്ലറ, വാമനപുരം പഞ്ചായത്തുകള്‍ പൂര്‍ണമായും നെല്ലനാട് പഞ്ചായത്തിന്റെ മൂന്ന് വാര്‍ഡുകളും കൂടി ചേര്‍ന്ന 54 വാര്‍ഡുകളാണ് കല്ലറ ഡിവിഷനിലുള്ളത്.
ഇതില്‍ പാങ്ങോട്, നെല്ലനാട് പഞ്ചായത്തുകള്‍ യു.ഡി.എഫ് ഭരിക്കുന്നു. കല്ലറ,വാമനപുരം പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനാണ് ഭരണം. കല്ലറ, വാമനപുരം, നെല്ലനാട് പഞ്ചായത്തുകളില്‍ എന്‍.ഡി.എ.ക്ക് പ്രാതിനിധ്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.