പ്രതി കുമാറിനെ ജയിലിലേക്ക് കൊണ്ടുപോകുന്നു
നെയ്യാറ്റിൻകര: സുസ്മിത കൊലക്കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്. പള്ളിച്ചൽ നരുവാമൂട് മുക്ക് നട കുളങ്ങരക്കോണം സോനു നിവാസിൽ കുമാറി(48)നെ ആണ് ജീവപര്യന്തം കഠിനതടവിനും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പിഴ മൈനറായ കുട്ടികൾക്ക് നൽകാനും പിഴ അടയ്ക്കാത്തപക്ഷം ഒരുവർഷം തടവും വിധിയിൽ നിഷ്കർഷിച്ചിട്ടുണ്ട്.
2016 ജൂൺ അഞ്ചിനാണ് കേസിനസ്പദമായ സംഭവം. അന്നേദിവസം വൈകി നാലുമണി കഴിഞ്ഞ് നേമം ശിവൻകോവിലിന് സമീപം ചാനൽ ബണ്ട് റോഡിലാണ് കൊല നടന്നത്. പ്രതി കുമാർ കൊല്ലപ്പെട്ട സുസ്മിതയുടെ ഭർത്താവാണ്. രണ്ട് കുട്ടികളുമുണ്ട്. റിട്ടയേർഡ് സബ് ഇൻസ്പെക്ടറായിരുന്ന ബോധേശ്വരൻ നായരുടെ മകളാണ് കൊല്ലപ്പെട്ട സുസ്മിത.
ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തിരുന്ന പ്രതി കുമാർ ജോലിയിൽനിന്ന് പിരിഞ്ഞുവന്ന ശേഷം സുസ്മിതയും മക്കളുമൊത്ത് നേമം ഫാർമസി റോഡിൽ ലളിത നിവാസിൽ താമസിക്കുകയായിരുന്നു. മദ്യപാനിയും ഉപദ്രവകാരിയുമായ പ്രതി സുസ്മിതയെയും കുട്ടികളെയും ശാരീരികമായി ഉപദ്രവിക്കുക പതിവാക്കി. തുടർന്ന് സുസ്മിതയും കുട്ടികളും സമീപത്തെ പിതാവിന്‍റെ ശിവഗംഗ വീട്ടിൽ താമസം മാറി. കുമാർ നരുവാമൂടുള്ള സോനുനിവാസിലേക്കും താമസം മാറിയിരുന്നു.
സുസ്മിത തുടർന്ന് തിരുവനന്തപുരംരം കുടുംബ കോടതിയിൽ കുമാറിനെതിരെ വിവാഹമോചനത്തിനും കുട്ടികളുടെ ചെലവിനും സ്വർണാഭരണങ്ങൾ തിരികെ കിട്ടുന്നതിനും കേസുകൾ ഫയൽ ചെയ്തിരുന്നു. കുട്ടികളുടെ ചെലവിന് പ്രതിമാസം 5000 രൂപ നൽകുന്നതിനും ഞായറാഴ്ചകളിൽ രാവിലെ 10ന് ശിവൻ കോവിലിന് സമീപം കുട്ടികളെ പ്രതി കുമാറിനോടൊപ്പം അയക്കുന്നതിനും വൈകീട്ട് നാലിന് തിരികെ സുസ്മിതയുടെ പക്കൽ ഏൽപിക്കണമെന്നും ഉത്തരവുണ്ടായിരുന്നു.
കേസ് നൽകിയതിലെ വിരോധത്തിൽ കുമാർ പലതവണ സുസ്മിതയുടെ വീടിനു മുന്നിൽ ചെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. 2016 ജൂൺ അഞ്ചിന് മൂത്തകുട്ടി സന്ദീപിന്‍റെ പിറന്നാൾ ദിനത്തിലായിരുന്നു കൊലപാതകം. രാവിലെ കുട്ടികളെ കൊണ്ട് പോയി. വൈകീട്ട് നാലോടെ കുട്ടികളെ കാത്തുനിന്ന സുസ്മിതയുമായി വഴക്കിട്ട് ബണ്ടു റോഡിലൂടെ ഒടിച്ച് സഹകരണ ബാങ്ക് മതിൽ ഭാഗത്തുെവച്ച് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
കത്തി ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഷരിജയുടെ മൊഴി നിർണായകമായിരുന്നു. കൂടാതെ കുട്ടികളുടെ മൊഴി വഴിത്തിരിവായി.നെയ്യാറ്റിൻകര അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി കവിത ഗംഗാധരനാണ് പ്രതിയെ ജീവപര്യന്തം കഠിനതടവിനും മൂന്നുലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ച് വിധി പ്രഖ്യാപിച്ചത്. പബ്ലിക് േപ്രാസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ, അഡ്വ. അനൂജ് എന്നിവർ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.