നെയ്യാറ്റിൻകര: നീറ്റ് പരീക്ഷക്ക് വ്യാജഹാൾടിക്കറ്റ് നിർമിച്ചുനൽകിയ അക്ഷയ സെൻറർ ജീവനക്കാരിക്കെതിരെ സമാന തട്ടിപ്പ് നടത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. തിരുപുറം സ്വദേശിനിയായ ഗ്രീഷ്മക്കെതിരെയാണ് വ്യാജ ഹാൾടിക്കറ്റ് നിർമിച്ച് നൽകിയതിനും പണം കബളിപ്പിച്ചതിനും കേസെടുത്തത്.
നെയ്യാറ്റിൻകര വെൺപകൽ കണ്ണറവിള സ്വദേശി ആദർശിന്റെ പരാതിയെ തുടർന്നാണ് കഴിഞ്ഞദിവസം നെയ്യാറ്റിൻകര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. വിവിധ സെൻട്രൽ ഗവൺമെൻറ് എൻട്രൻസ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ഫീസിനത്തിൽ 23,300 രൂപ തട്ടിയെടുത്ത് വ്യാജ ഹാൾ ടിക്കറ്റ് നൽകുകയായിരുന്നു.
സെൻട്രൽ ഗവൺമെൻറ് നടത്തുന്ന ജെ.ഇ.ഇ, നീറ്റ്, ബിറ്റ്സാറ്റ്, എയിംസ് പരീക്ഷകൾക്കും സംസ്ഥാന സർക്കാർ നടത്തുന്ന കീം പരീക്ഷക്കും രജിസ്റ്റർ ചെയ്യാമെന്നുപറഞ്ഞാണ് ഗ്രീഷ്മ പണം തട്ടിയത്.
ജെ.ഇ.ഇ സെക്ഷൻ ഒന്ന് പരീക്ഷക്കായി 3250 രൂപ കഴിഞ്ഞവർഷം ഡിസംബർ അഞ്ചിന് വാങ്ങിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 15ന് 3000 രൂപയും വാങ്ങി തുടർന്ന് നീറ്റ്, എയിംസ്, മറ്റ് ഇതര പരീക്ഷകൾക്ക് ഫീസ് അടക്കുന്നതിനെന്നുപറഞ്ഞ് 14,800 രൂപയും വിവിധ ഘട്ടങ്ങളിലായി വാങ്ങി. കീം പരീക്ഷ എഴുതുന്നതിന് കഴിഞ്ഞ മാർച്ച് മൂന്നിനാണ് 1800 രൂപ വാങ്ങിയത്. നീറ്റ് എൻട്രൻസ് പരീക്ഷക്ക് രജിസ്ട്രേഷൻ ഫീസ് അടക്കാതെ പരാതിക്കാരന് വ്യാജഹാൾ ടിക്കറ്റ് നിർമിച്ചുനൽകുകയായിരുന്നു.
എന്നാൽ പരീക്ഷ സെൻറർ വിദൂരത്തായതിനാൽ പരീക്ഷക്ക് പോയിരുന്നില്ലെന്നാണ് പാരാതിക്കാരൻ പൊലീസിന് നൽകിയ മൊഴി. ഇത്തരത്തിൽ വ്യാപകമായി ഗ്രീഷ്മ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും നെയ്യാറ്റിൻകര പൊലീസ് അന്വേഷണം നടത്തിവരുന്നു. വ്യാജ ഹാൾക്കറ്റ് നിർമിച്ച് നൽകിയ കേസിൽ പരശുവക്കലിലെ ബന്ധുവീട്ടിൽനിന്ന് കഴിഞ്ഞദിവസം പത്തനംതിട്ട പൊലീസ് ഗ്രീഷ്മയെ പിടികൂടിയിരുന്നു.
ഗ്രീഷ്മ നിർമിച്ചുനൽകിയ ഹാൾടിക്കറ്റ് അക്ഷയ സെൻററിലെത്തിച്ച് പത്തനംതിട്ട പൊലീസ് തെളിവെടുത്തു. ഇവിടെ ഗ്രീഷ്മയെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തു. അക്ഷയ സെൻററിൽ തെളിവെടുപ്പുനടത്തിയെങ്കിലും ഈ തട്ടിപ്പ് വിവരം പുറത്തറിയിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം നെയ്യാറ്റിൻകര പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടക്കുന്നത്.
നീറ്റ് പരീക്ഷക്ക് അപേക്ഷ സമർപ്പിക്കുന്നതിന് തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയുടെ മാതാവ് അക്ഷയ സെൻററിലെത്തി 1850 രൂപ ഗ്രീഷ്മക്ക് നൽകിയെരുന്നെങ്കിലും ഗ്രീഷ്മ അപേക്ഷ സമർപ്പിക്കാൻ മറന്നുപോയതായാണ് മൊഴി. വിദ്യാർഥിയുടെ മാതാവ് നിരന്തരം ഗ്രീഷ്മയെ ബന്ധപ്പെട്ട് ഹാൾടിക്കറ്റ് ആവശ്യപ്പെട്ടതോടെയാണ് വ്യാജഹാൾടിക്കറ്റ് നിർമിക്കുന്നതിന് തീരുമാനിച്ചത്.
ഗൂഗിൽ സെർച്ച് ചെയ്ത് പത്തനംതിട്ടയിലെ ഒരു പരീക്ഷ സെൻററിന്റെ പേരിൽ ഹാൾടിക്കറ്റ് തയാറാക്കി. തിരുവനന്തപുരത്ത് പരീക്ഷയെഴുതുന്ന വിദ്യാർഥിയുടെ പേരിലുള്ള രജിസ്റ്റർ നമ്പറിലായിരുന്ന ഹാൾടിക്കറ്റ് തയാറാക്കിയത്. എന്നാൽ ഇത്രയും ദൂരെപോയി പരീക്ഷയെഴുതില്ലെന്ന് കരുതിയാണ് വ്യാജഹാൾ ടിക്കറ്റ് തയാറാക്കിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി.
അക്ഷയ സെൻററിലെത്തിയ പൊലീസ് മണിക്കൂറുകളുടെ പരിശോധനക്കൊടുവിൽ കമ്പൂട്ടറിന്റെ ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റാർക്കെങ്കിലും വ്യാജ ഹാൾ ടിക്കറ്റ് നിർമാണത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. കൂടുതൽ ചോദ്യം ചെയ്യലിലേ സംഭവത്തിന്റെ നിജസ്ഥിതി വെളിവാകൂ.
ഗ്രീഷ്മയുടെ മൊബൈലും പരിശോധിക്കുന്നുണ്ട്. ഹാർഡ് ഡിസ്ക് പരിശോധനക്കുശേഷമേ ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ സാധിക്കൂ. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലാണ് തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.