for election page... ചിറയിന്‍കീഴ്: ഇടതിന്​ മാത്രം ഇടം നൽകുന്ന ബ്ലോക്ക് പഞ്ചായത്താണ്

NO MODEM ആറ്റിങ്ങല്‍: ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നശേഷം ഇടതു പക്ഷത്തിനല്ലാതെ മറ്റാര്‍ക്കും ഭരണം നൽകാത്ത ബ്ലോക്ക് പഞ്ചായത്താണ് ചിറയിന്‍കീഴ്. തെരഞ്ഞെടുപ്പ് പ്രചാരണരംഗം അന്തിമഘട്ടത്തോടടുക്കുമ്പോള്‍ ഇത്തരം കണക്കുകള്‍ അപ്രസക്തമാക്കുംവിധം മത്സരരംഗം ശക്തമാണ്. നിലനിർത്താന്‍ എല്‍.ഡി.എഫും പിടിച്ചെടുക്കാന്‍ യു.ഡി.എഫും സർവശ്രമങ്ങളും നടത്തുന്നുണ്ട്. സ്ഥാനാർഥികളുടെ വ്യക്തിബന്ധങ്ങളും രാഷ്​ട്രീയ അടിത്തറയുമെല്ലാം പ്രസക്തമാണെങ്കിലും മേഖലയില്‍ ഗ്രാമപഞ്ചായത്തിലെ രാഷ്​ട്രീയ വിജയത്തിനൊപ്പം സഞ്ചരിക്കുന്നതാണ് ചിറയിന്‍കീഴ് ബ്ലോക്കിലെ ഓരോ ഡിവിഷനിലെയും വിജയ പരാജയങ്ങള്‍. സമീപകാല ബ്ലോക്ക് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ബ്ലോക്ക് സ്ഥാനാർഥികള്‍ ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ സജീവത കൂടി ഉറപ്പുവരുത്തുന്നുണ്ട്. യു.ഡി.എഫിന് ബ്ലോക്ക് പരിധിയില്‍ കൂടുതല്‍ പ്രാതിനിധ്യം ഉണ്ടായിട്ടുള്ളത് നിലവിലെ കമ്മിറ്റിയിലാണ്. നാല്​ അംഗങ്ങളെ എത്തിക്കാനായി. ഘട്ടം ഘട്ടമായുള്ള ഈ മുന്നേറ്റം നിലനിര്‍ത്തി ഭരണം പിടിക്കാമെന്നതാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നില്‍കിയാണ് യു.ഡി.എഫ് മത്സരരംഗത്തുള്ളത്. ആശുപത്രികളിലെ ശോച്യാവസ്ഥ, വിവിധ പദ്ധതികള്‍ നടപ്പാക്കിയതിലെ വീഴ്ചകള്‍, ശുചിത്വ പദവി നഷ്​ടപ്പെട്ടത് തുടങ്ങിയവയെല്ലാം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം സംസ്ഥാന രാഷ്​ട്രീയത്തിലെ വിവാദങ്ങളും മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആരോപണങ്ങളും പ്രചാരണായുധമാണ്. ബ്ലോക്ക് പഞ്ചായത്തി​ൻെറ ഭരണം സംബന്ധിച്ച് എല്‍.ഡി.എഫ് ക്യാമ്പിന് ശുഭാപ്തി വിശ്വാസമാണുള്ളത്. സ്ഥാനാർഥികളെല്ലാം പരിചയസമ്പന്നരാണ്. മുന്‍ പ്രസിഡൻറ്​ ഒ.എസ്. അംബിക, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറുമാരായ ജി. വേണുഗോപാലന്‍നായര്‍, പി. മണികണ്ഠന്‍, ജസ്പിന്‍ മാര്‍ട്ടിന്‍, നിലവിലെ ബ്ലോക്ക് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. ഫിറോസ് ലാല്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്. മത്സ്യ-കയര്‍ മേഖലകളിലെ ജനങ്ങളുടെ ആവശ്യങ്ങളും സര്‍ക്കാറി​ൻെറ ക്ഷേമ പദ്ധതികളും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളുമെല്ലാം ഇവര്‍ ചര്‍ച്ചയാക്കുന്നു. കേന്ദ്ര നയങ്ങളിലെ ചതിക്കുഴികളും ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്ലോക്കില്‍ 13 ഡിവിഷനുകളാണുള്ളത്. നിലവിലെ കമ്മിറ്റിയില്‍ എല്‍.ഡി.എഫ് -ഒമ്പത്​, യു.ഡി.എഫ് -നാല്​ എന്നതാണ് കക്ഷിനില. എല്‍.ഡി.എഫില്‍ 11 സീറ്റില്‍ സി.പി.എമ്മും ഒന്നില്‍ സി.പി.ഐയും ഒന്നിൽ സീറ്റില്‍ ജനതാദള്‍ എസും മത്സരിക്കുന്നു. യു.ഡി.എഫില്‍ 12ല്‍ കോണ്‍ഗ്രസും ഒന്നില്‍ ആര്‍.എസ്.പി.യുമാണ്​ മത്സരിക്കുന്നത്​. ജമീല തൗഫീക്ക് (1995), അഡ്വ. എസ്. ലെനിന്‍ (2000), അഡ്വ. വി. ജോയി (2002), കെ. ഷാജി (2005), ഒ.എസ്. അംബിക (2010), ആര്‍. സുഭാഷ് (2015) എന്നിവരാണ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡൻറുമാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.