ആറ്റിങ്ങൽ: ജല അതോറിറ്റിയുടെ കുടിവെള്ള സംഭരണി തകർച്ച ഭീഷണിയിൽ. കിഴുവിലം ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ സിമൻറും തുരുമ്പും കലർന്ന മലിനവെള്ളം കുടിക്കേണ്ടി വരുന്നു.ജല അതോറിറ്റി ആറ്റിങ്ങൽ ഡിവിഷനിൽ നിന്നും ശുദ്ധീകരിച്ചു എത്തിക്കുന്ന കുടിവെള്ളം കിഴുവിലം പഞ്ചായത്തിലെ നൈനാകോണം സംഭരണിയിൽ ശേഖരിച്ച ശേഷമാണ് പഞ്ചായത്ത് പ്രദേശത്ത് വിതരണം ചെയ്യുന്നത്.
ഈ സംഭരണി വർഷങ്ങളായി അപകടാവസ്ഥയിലാണ്. ഇതിന്‍റെ ഉൾവശം സിമൻറും കമ്പിയും ഇളകി തുരുമ്പിച്ചു വെള്ളത്തിൽ കലരുന്ന അവസ്ഥയിലാണ്. വർഷങ്ങളായി തുരുമ്പ് കലർന്ന ജലമാണ് പഞ്ചായത്ത് പ്രദേശത്ത് ജനങ്ങൾ ഉപയോഗിക്കേണ്ടി വരുന്നത്. പഞ്ചായത്തിലെ 3, 4, 5 വാർഡുകൾ ഒഴികെയുള്ള 18 വാർഡുകളിലേക്കും പൈപ്പിലൂടെ വിതരണം ചെയ്യുന്നത് നൈനാംകോണം ജലസംഭരണിയിൽ നിന്നുമാണ്. വാട്ടർ ടാങ്കിന്റെ ഉൾവശത്തെ തകർച്ച നേരത്തെതന്നെ അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു.
ഇതനുസരിച്ച് 2023 വാട്ടർ ടാങ്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് എസ്റ്റിമേറ്റ് എടുക്കുകയുംഎട്ട് ലക്ഷം രൂപയുടെ പദ്ധതി തയാറാക്കുകയും ചെയ്തു. എന്നാൽ ഇതുവരെയും അറ്റകുറ്റപ്പണി നടത്താൻ ജല അതോറിറ്റിയോ സർക്കാറോ തയാറായിട്ടില്ല.ടാങ്കിന്റെ ഉൾവശത്തുള്ള ഈ തകർച്ച ഈ സംഭരണി മൊത്തത്തിൽ തകരുന്നതിനും കാരണമായേക്കും. അമീബിക് മസ്തിഷ്ക ജ്വരം ഉൾപ്പെടെ ആശങ്ക ഉയർത്തുന്ന കാലത്ത് മലിനമായ കുടിവെള്ളം കുടിക്കേണ്ടിവരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു.
അമീബിക് മസ്തിഷ്ക ജ്വരം വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്ന ജലത്തിൻറെ നിലവാരം വിലയിരുത്തിയിരുന്നു. ആറ്റിങ്ങൽ ജല അതോറിറ്റി വിതരണം ചെയ്യുന്നത് പൂർണമായും ശുദ്ധീകരിച്ച ജലം മാത്രമാണെന്നാണ് ഈ അന്വേഷണത്തിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ ജല അതോറിറ്റി ശുദ്ധീകരിച്ച ജലം നൈനാംകോണത്തെ സംഭരണിയിൽ എത്തുന്നതോടെ ശുദ്ധമല്ലാത്തതായി മാറുകയാണ്. സിമൻറ് തുരുമ്പും കലർന്നാണ് തുടർന്ന് ജനങ്ങൾക്ക് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.