ആറ്റിങ്ങൽ: കാർഷിക പരമ്പരാഗത തൊഴിൽ മേഖലകൾക്ക് പ്രസക്തി ഏറിയ ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് കടയ്ക്കാവൂർ. മേഖലയിലെ ജനങ്ങളിൽ നല്ലൊരു ഭാഗവും കാർഷികവൃത്തിയിൽ ഉപജീവനം കണ്ടെത്തുന്നവരാണ്. കാർഷിക മേഖലയിലെ പ്രതിസന്ധി ജനങ്ങളെയും സാരമായി ബാധിക്കുന്നു. ഇടതുപക്ഷ ചായ്വുള്ള പഞ്ചായത്ത് പ്രദേശം നിലവിൽ ഇതര രാഷ്ട്രീയ കക്ഷികളും ശക്തമായ സാന്നിധ്യം പ്രകടിപ്പിക്കുന്നു. മികച്ച മത്സരത്തിന് വേദിയാകുന്ന പഞ്ചായത്തുകളിൽ ഒന്നാണ് കടയ്ക്കാവൂർ.
പഞ്ചായത്ത് പ്രദേശത്തെ ഏറ്റവും ചർച്ചയായിരുന്ന വികസന പ്രശ്നമാണ് ആലംകോട്-അഞ്ചുതെങ്ങ് റോഡ്. ദേശീയപാതയിൽ ആലംകോട് നിന്ന് ആരംഭിച്ച് അഞ്ചുതെങ്ങ് സമാപിക്കുന്ന റോഡ് ഏറെക്കുറെ പൂർണമായും കടന്നുപോകുന്നത് കടയ്ക്കാവൂർ പഞ്ചായത്ത് പ്രദേശത്ത് കൂടിയാണ്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് മുതൽ ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഇതു ഉയർത്തിയ പ്രശ്നങ്ങൾ നിരവധിയാണ്. വർഷങ്ങളായി ജനങ്ങൾ സമരത്തിലുമാണ്. ഇപ്പോഴും പദ്ധതിയുടെ നിർമാണ പ്രവർത്തനം പൂർണമായും അവസാനിച്ചിട്ടില്ല.
ചെറിയതോതിലെങ്കിലും കായൽ തീരവും പഞ്ചായത്തിൽ ഉണ്ട്. പക്ഷേ മേഖലയിൽ എല്ലാം കൈയേറ്റമാണ് നടക്കുന്നത്. കൈയേറ്റ ഭൂമി യഥാർഥ വസ്തുവാക്കി നൽകുന്നതിന് പ്രത്യേക ലോബികൾ ഇവിടെ പ്രവർത്തിക്കുന്നു. ഇതിന് രാഷ്ട്രീയകക്ഷികളുടെ പിന്തുണയും ഉണ്ട്.
വിവിധ പദ്ധതികളുടെ പിന്തുണയിൽ നിരവധി മാറ്റങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ട്. അതിലേറെ ഇനിയും വികസനം കടന്നു വരാനും ഉണ്ട്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ആണ് പഞ്ചായത്തിൽ അധികാരത്തിൽ എത്തിയത്. എൽ.ഡി.എഫ് -ഒമ്പത്, യു.ഡി.എഫ് -നാല്, ബി.ജെ.പി -മൂന്ന് എന്നതാണ് കക്ഷിനില. 16 വാർഡുകളാണ് നേരത്തെ ഉണ്ടായിരുന്നത്. നിലവിൽ ഒരു വാർഡ് കൂടിയിട്ടുണ്ട്. കാട്ടുവിള കേന്ദ്രീകരിച്ചാണ് പുതിയ വാർഡ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.