ആറ്റിങ്ങൽ: കഴിഞ്ഞ തദ്ദേശപൊതുതെരഞ്ഞെടുപ്പിന് ശേഷം ഭരണപക്ഷം നിലമെച്ചപ്പെടുത്തുകയും അംഗസംഖ്യ കൂട്ടുകയും ചെയ്ത നഗരസഭയാണ് ആറ്റിങ്ങൽ. എൽ.ഡി.എഫ് 18 സീറ്റ് നേടിയാണ് അധികാരത്തിൽ എത്തിയത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എൻ.ഡി.എക്ക് ഏഴ്7 സീറ്റുണ്ടായിരുന്നു. യു.ഡി.എഫിന് ആറും. എന്നാൽ പാർലമെന്‍റ് തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് ബി.ജെ.പി അംഗങ്ങൾ സി.പി.എമ്മിലേക്ക് പോവുകയും മെമ്പർ സ്ഥാനം രാജിവെക്കുകയും ചെയ്തു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഈ രണ്ടു സീറ്റുകളിലും സി.പി.എം വിജയിച്ചു. ഇതോടെ എൽ.ഡി.എഫ് അംഗസംഖ്യ 20 ആയി ഉയരുകയും എൻ.ഡി.എയുടെ രണ്ടാം സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
പ്രാദേശിക അടിസ്ഥാന വികസന പദ്ധതികളിൽ ഊന്നിയ ഭരണമാണ് നിലവിലെ കൗൺസിൽ നിന്നും ഉണ്ടായത്. ശുചിത്വ പദ്ധതികളിലും മികച്ച നഗരസഭ എന്ന നിലയിലും മുൻ കൗൺസിലുകൾ നേടിയ അംഗീകാരങ്ങൾ ഈ ഭരണസമിതിക്ക് നേടുവാൻ കഴിഞ്ഞില്ലെന്ന് വിർമശന വിധേയമായി. നിരവധി മാലിന്യ സംസ്കരണ പദ്ധതികൾ കൊണ്ടുവന്നെങ്കിലും ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. ജനങ്ങളുടെ വാദത്തിന് മുൻതൂക്കം നൽകി അവരുടെ അഭിപ്രായമനുസരിച്ച് വികസനം നടപ്പിലാക്കാൻ തീരുമാനിച്ചതോടെ കക്കൂസ് മാലിന്യ സംസ്കരണ പ്ലാൻറ് ഉൾപ്പെടെയുള്ളവ നടപ്പിലാക്കാൻ കഴിഞ്ഞില്ല.
ഇവയെല്ലാം ശുചിത്വത്തിനുള്ള അവാർഡ് നേടുന്നതിൽ നിന്നും നഗരസഭയെ പിന്നോട്ടടിച്ചു. ഗ്രാമീണ റോഡുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നഗരസഭ കൗൺസിൽ ശ്രദ്ധിച്ചിട്ടുണ്ട്. അതേസമയം പ്രധാന പദ്ധതിയായ മുൻസിപ്പൽ ടൗൺഹാളിന്‍റെ നവീകരണ പദ്ധതിയിൽ വീഴ്ച വരുത്തുകയും ചെയ്തു. വികസന നേട്ടങ്ങൾ ഒന്നൊന്നായി ഇടതുപക്ഷം നിരത്തുമ്പോൾ നഗരവികസനം പിന്നോട്ടുപോയ കാലമാണ് കടന്നുപോയതെന്ന് ചൂണ്ടിക്കാട്ടുകയാണ് യു.ഡി.എഫും ബി.ജെ.പിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.