കോവിഡി​െൻറ വലയിലായില്ല; ടൈറ്റസ് തിരിച്ചുവന്നു -72 ദിവസത്തെ കഠിന ചികിത്സക്കൊടുവിൽ രോഗമുക്​തി

കോവിഡി​ൻെറ വലയിലായില്ല; ടൈറ്റസ് തിരിച്ചുവന്നു -72 ദിവസത്തെ കഠിന ചികിത്സക്കൊടുവിൽ രോഗമുക്​തി കൊല്ലം: കോവിഡ് വലയില്‍പെട്ട് മരണത്തെ മുഖാമുഖം കണ്ടെങ്കിലും മത്സ്യവിൽപന തൊഴിലാളിയായ ടൈറ്റസ് വഴുതിമാറി തിരികെ ജീവിതത്തിലേക്കെത്തി. കോവിഡ് രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത് സംസ്ഥാനത്തെ ആരോഗ്യ ചികിത്സാരംഗത്തെ അത്യപൂർവ സംഭവമായി. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജിലാണ് കോവിഡ് അതിജീവനത്തി​ൻെറ മികച്ച അടയാളപ്പെടുത്തല്‍. 43 ദിവസം വൻെറിലേറ്ററിലും 20 ദിവസം കോമ സ്​റ്റേജിലുമായിരുന്ന ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി ടൈറ്റസ് എന്ന 54 കാരനാണ് വൻെറിലേറ്ററി​ൻെറയും ഡയാലിസിസ് യൂനിറ്റി​ൻെറയും സഹായം വിട്ട് ആരോഗ്യപുരോഗതി നേടിയത്. ശാസ്താംകോട്ട ആഞ്ഞിലിമൂട് മാര്‍ക്കറ്റിലെ മത്സ്യവിൽപന തൊഴിലാളിയായ ടൈറ്റസിനെ കഴിഞ്ഞ ജൂലൈ ആറിനാണ് കോവിഡ് പോസിറ്റിവ് ആയതിനെതുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശ്വാസകോശവിഭാഗം ഐ.സി.യുവിലും പിന്നീട് വൻെറിലേറ്ററിലും പ്രവേശിപ്പിച്ചത്. വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇദ്ദേഹത്തി​ൻെറ ചികിത്സ നടത്തിയത്. പതിനായിരക്കണക്കിന് രൂപ വിലയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കേണ്ടതായിവന്നു. ആറുലക്ഷം രൂപ വിനിയോഗിച്ച് വൻെറിലേറ്ററില്‍തന്നെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ച് മുപ്പതോളം തവണ ഡയാലിസിസ് നടത്തി. രണ്ടുതവണ പ്ലാസ്മാ തെറപ്പിയും നടത്തി. ജൂലൈ 15ന് ടൈറ്റസ് കോവിഡ് നെഗറ്റിവ് ആയെങ്കിലും കടുത്ത ആരോഗ്യപ്രശ്‌നങ്ങളെതുടര്‍ന്ന് ആഗസ്​റ്റ്​ 17 വരെ വൻെറിലേറ്ററിലും പിന്നീട് ഐ.സി.യുവിലും തുടര്‍ന്നു. ആഗസ്​റ്റ്​ 21ന് വാര്‍ഡിലേക്ക് മാറ്റുകയും ഫിസിയോതെറപ്പിയിലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരുടെ 72 ദിവസം നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവില്‍ വെള്ളിയാഴ്ച ടൈറ്റസ് ആശുപത്രി വിട്ടു. ദീര്‍ഘനാള്‍ കിടക്കയില്‍തന്നെ കിടന്നതി​ൻെറ അസ്വസ്ഥതകള്‍ ടൈറ്റസിനുണ്ട്. നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിശോധനക്കെത്തണം. ആവശ്യമുണ്ടെങ്കില്‍ ഡോക്ടര്‍മാരെ ഫോണില്‍ ഏതുസമയത്തും വിളിക്കാം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്ക് ടൈറ്റസ് നന്ദി പറഞ്ഞു. ശാസ്താംകോട്ട ആഞ്ഞിലിമൂട് പല്ലിക്കശ്ശേരിയിലാണ് താമസമെങ്കിലും ആശുപത്രിയില്‍നിന്ന്​ മരുമക​ൻെറ ചവറ പുതുക്കാട്ടെ വസതിയിലേക്കാണ് എത്തിച്ചത്. കോവിഡ്​ സൃഷ്​ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും ഏവർക്ക​ും മനോബലം പകരുന്ന അതിജീവന മാതൃകയാകുകയാണ് ടൈറ്റസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.