വിലക്കുലംഘനം: 23 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കോവിഡ് സുരക്ഷ നിരീക്ഷണത്തി​ൻെറ ഭാഗമായി സിറ്റി പൊലീസ് ഞായറാഴ്ച നടത്തിയ പരിശോധനയിൽ വിലക്കുലംഘനം നടത്തിയ 23 പേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസെടുത്തെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് അറിയിച്ചു. മാസ്ക് ധരിക്കാത്തതിന് 89 പേരിൽനിന്നും സാമൂഹിക അകലം പാലിക്കാത്ത 10 പേരിൽ നിന്നുമായി 19,800 രൂപ പിഴ ഈടാക്കി. സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ ആറ് വാഹനങ്ങൾക്കെതിരെയും മാനദണ്ഡങ്ങൾ പാലിക്കാത്ത രണ്ട് കടകള്‍ക്കെതിരെയും ഞായറാഴ്ച നിയമനടപടി സ്വീകരിച്ചു. ഫോര്‍ട്ട് പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ ഒരു പിടിച്ചുപറി കേസില്‍ പിടിക്കപ്പെട്ട് വര്‍ക്കല ക്വാറൻറീൻ കേന്ദ്രത്തില്‍ റിമാൻഡില്‍ കഴിയുമ്പോൾ തടവുചാടിയ നിരവധി മോഷണക്കേസിലെ പ്രതിയെ ബംഗളൂരുവില്‍നിന്ന്​ പിടികൂടി. മാക്കാന്‍ വിഷ്ണു എന്ന വിഷ്ണു(25)വിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. ക്വാറൻറീൻ കേന്ദ്രത്തില്‍നിന്ന്​ കഴിഞ്ഞ ആഗസ്​റ്റ്​ 10നാണ് ഇയാൾ തടവ് ചാടിയത്. 22ന് രാത്രി കഴക്കൂട്ടം പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ കുളത്തൂര്‍ 'മൈക്രോടെക് സിസ്​റ്റം ആൻഡ് സൊല്യൂഷൻ'എന്ന ഷോപ്പ് കുത്തിത്തുറന്ന് വിലപിടിപ്പുള്ള ലാപ്ടോപ്പും മൊബൈല്‍ ഫോണും ഹെഡ് ഫോണുകളും രൂപയും കവര്‍ച്ച നടത്തിയിരുന്നു. മോഷണ മുതലുകളുമായി തമിഴ്നാട്ടിലേക്കുള്ള യാത്രാവേളയില്‍ സേലത്തിന് സമീപം വാഹനം അപടകടത്തിൽപെട്ട് സേലം മെഡിക്കല്‍ കോളജ് ആശുപത്രിയിലായി. പൊലീസ് പിടിയിലാകുമെന്ന് മനസ്സിലാക്കിയ ഇയാൾ ആശുപത്രിയിൽ നിന്നും മുങ്ങി. ബംഗളൂരുവിലെ ഒളിസങ്കേതത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മെഡിക്കല്‍ കോളജ് പൊലീസ് സ്​റ്റേഷന്‍ എസ്.എച്ച്.ഒ ഹരിലാലി​ൻെറ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത്, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒ വിനീത്, പ്രതാപന്‍, ഷൈനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി വിഷ്ണുവിനെ അറസ്​റ്റ്​ ചെയ്തത്. ഇയാള്‍ക്കെതിരെ ജില്ലയില്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്​റ്റേഷനില്‍ രണ്ട് വാഹന മോഷണക്കേസുകള്‍ ഉള്‍പ്പെടെ ഫോര്‍ട്ട്, വഞ്ചിയൂര്‍, കഴക്കൂട്ടം, പൂന്തുറ, പേട്ട തുടങ്ങിയ വിവിധ പൊലീസ് സ്​റ്റേഷനുകളിലായി 40ഓളം മോഷണ, പിടിച്ചുപറി കേസുകള്‍ നിലവിലുള്ളതായും ഡെപ്യൂട്ടി പൊലീസ് കമീഷണർ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.