തെരഞ്ഞെടുപ്പ് ചെലവുകൾ കാണിച്ചില്ല; 127 പേരെ അഞ്ചു വർഷത്തേക്ക് വിലക്കി കമീഷൻ

തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലേക്ക് മത്സരിച്ച 127 സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ കമീഷന് മുമ്പാതെ ബോധിപ്പിക്കാത്ത പശ്ചാത്തലത്തിലും തെരഞ്ഞെടുപ്പിന് നിർണ‍യിക്കപ്പെട്ട പരിധിയിൽ കൂടുതൽ തുക ചെലവാക്കിയതിനുമാണ് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 89ാം വകുപ്പ് പ്രകാരം കമീഷണർ വി. ഭാസ്കര‍ൻെറ നടപടി. നേരത്തേ ഇതുസംബന്ധിച്ച് കമീഷൻ പലതവണ സ്ഥാനാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും വരവ് ചെലവ് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ പലരും തയാറായിരുന്നില്ല. തുടർന്നാണ് സ്ഥാനാർഥികളെ 2017 മുതൽ 2022 വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിൽനിന്നും മത്സരിക്കുന്നതിൽനിന്ന് വിലക്കിയത്. അയോഗ്യരാക്കിയവരുടെ പേരുവിവരങ്ങളും കമീഷണർ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലായി 384 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ തിരുവനന്തപുരം കോർപറേഷനിലാണ്. ഇവരിൽ പലരും സ്വതന്ത്രരും കോൺഗ്രസ്, സി.പി.എം, ബി.ജെ.പി റിബലുകളുമായിരുന്നു. നടപടി നേരിട്ട സ്ഥാനാർഥികളിൽ ഏറ്റവും കുറവ് കണ്ണൂർ കോർപറേഷനിലാണ് -22 പേർ. കൊല്ലം -38, കൊച്ചി -81, തൃശൂർ -37, കോഴിക്കോട് -80 എന്നിങ്ങനെയാണ് മറ്റ് കോർപറേഷനുകളുടെ നില. വലിയതുറ, പുത്തൻപള്ളി വാർഡിൽ അഞ്ചു പേരെയും കാലടി, അണമുഖം, വെട്ടുകാട്, മുട്ടത്തറ വാർഡിൽ നാലുപേരെയും വെങ്ങാനൂർ, കോട്ടപ്പുറം, കോട്ടപ്പുറം, വിഴിഞ്ഞം, പൂന്തുറ, ശ്രീവരാഹം, മുടവൻമുകൾ, തിരുമല, വട്ടിയൂർക്കാവ്, മെഡിക്കൽ കോളജ്, മണ്ണന്തല, ഇടവക്കോട്, കാട്ടായിക്കോണം‍ വാർഡുകളിൽ മൂന്നുപേരെ വീതവും അയോഗ്യരാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.