ദീപമോള്‍ ഇനി 108 ആംബുലൻസിന്‍റെ ഡ്രൈവിങ്​ സീറ്റിലേക്ക്​

തിരുവനന്തപുരം: വനിതദിനത്തില്‍ 108 ആംബുലന്‍സ് ശൃംഖലയിലെ ആദ്യ വനിത ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 10.45ന് സെക്ര​േട്ടറിയറ്റ് അനക്‌സ് രണ്ടിന്‍റെ മുന്‍വശം മന്ത്രി വീണ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും. ദീപമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റ്​ സ്ത്രീകള്‍ക്ക് കരുത്ത് പകരുമെന്ന് മന്ത്രി പറഞ്ഞു. ആതുരസേവനത്തിനോടുള്ള താൽപര്യമാണ് ദീപയെ കനിവ് 108 ആംബുലൻസിന്‍റെ സാരഥിയാക്കിയത്. ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന താൽപര്യം അറിയിച്ച ദീപമോള്‍ക്ക് അതിനുള്ള അവസരം ഒരുക്കിനല്‍കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. യാത്രകളോടുള്ള അതിയായ മോഹമാണ് 2008ല്‍ ദീപയെ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവ് മോഹനന്‍റെ പിന്തുണയോടെ 2009ല്‍ ഹെവി ലൈസന്‍സും കരസ്ഥമാക്കി. ഭര്‍ത്താവിന്‍റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഡ്രൈവിങ് മേഖല ഉപജീവനമാര്‍ഗമാക്കാന്‍ ദീപമോള്‍ തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും ടിപ്പര്‍ ലോറി ഡ്രൈവറായും ടാക്‌സി ഡ്രൈവറായുമൊക്കെ ജോലി ചെയ്തു. 2021ല്‍ കോട്ടയം-ലഡാക് ബൈക്ക് യാത്ര എന്ന മോഹവും സഫലീകരിച്ചു. ഭര്‍ത്താവ് മോഹനന്‍റെയും വിദ്യാർഥിയായ ഏക മകന്‍ ദീപകിന്‍റെയും പിന്തുണയില്‍ 16 ദിവസം കൊണ്ടാണ് ദീപമോള്‍ കോട്ടയത്തുനിന്ന് ലഡാക് വരെ ബൈക്ക്​ യാത്ര നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.