ആദ്യം തീ കണ്ടത് എതിർവശത്തെ വീട്ടുകാർ; ബഹളം​വെച്ചിട്ടും പ്രതികരണമുണ്ടായില്ല ●

വർക്കല (തിരുവനന്തപുരം): ചെറുന്നിയൂർ രാഹുൽ നിവാസിലെ കാർപോർച്ചിൽ തീ കത്തുന്നത് ആദ്യം കണ്ടത്​ എതിർവശത്തെ വീട്ടിലെ ഗൃഹനാഥൻ ശശാങ്കൻ. പുലർച്ച ഒന്നരയോടെ പ്രാഥമികകർമം നിർവഹിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് നേരെ മുൻവശത്തെ വീട്ടിലെ കാർപോർച്ചിൽ തീ കത്തുന്നത് കണ്ടത്​. അകത്തുകയറിയ അദ്ദേഹം മകൾ അലീനയെ വിളിച്ചുണർത്തി. ശശാങ്കനും അലീനയും ചേർന്ന് വീടിന്‍റെ ഗേറ്റിൽ അടിച്ച് ശബ്ദമുണ്ടാക്കി വീട്ടുകാരെ ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അകത്തുനിന്ന് ആരും ഉണർന്നെണീറ്റ്​ വരാഞ്ഞതിനാൽ അലീന നിഹുലിനെ ഫോൺ ചെയ്തെങ്കിലും എടുത്തില്ല. രണ്ടാമതും വിളിച്ചപ്പോൾ നിഹുൽ ഫോണെടുത്തു. തീപിടിച്ച വിവരം പറഞ്ഞെങ്കിലും നിഹുൽ പുറത്തുവന്നില്ല. തുടർന്നാണിവർ പരിസരവാസികളെയും അഗ്​നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചത്​. കാർ പോർച്ചിലിരുന്ന ഇരുചക്രവാഹനങ്ങളിൽ തീപടരുന്നതാണ് നാട്ടുകാർ ആദ്യം കണ്ടത്. തൊട്ടടുത്ത വീടിന്‍റെ മതിലിന്​ മുകളിലൂടെ വെള്ളം കോരിയൊഴിച്ച് തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ അഗ്​നിരക്ഷസേന സ്ഥലത്തെത്തി. അപ്പോഴേക്കും വീടിനകത്തുനിന്ന്​ വലിയ തോതിൽ തീയും പുകയും ഉയരുകയും ചെയ്തു. മുൻവാതിൽ ചവിട്ടിത്തുറന്നാണ് രക്ഷാപ്രവർത്തകർ അകത്തുകയറിയത്. മറ്റൊരു സംഘം അടുക്കളവാതിൽ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് തുറന്നത്. അപ്പോഴേക്കും നിഹുൽ മുകളിലത്തെ നിലയിൽനിന്ന്​ താഴെയെത്തിയിരുന്നു. ദുരന്തം കവർന്നത്​ അമ്പതോളം തൊഴിലാളികളുടെ അന്നദാതാവിനെ വർക്കല (തിരുവനന്തപുരം): പിന്നിട്ട വഴികളിലെ കഷ്ടപ്പാടുകൾ പാഠമാക്കിയ പ്രതാപൻ എന്നും നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. ഇടപാടുകാരോടും നാട്ടുകാരോടും വീട്ടുകാരോടുമെല്ലാം സദാ പുഞ്ചിരിയോടെ മാത്രം ഇടപെടുന്ന പ്രതാപൻ അവർക്കെല്ലാം പ്രിയപ്പെട്ട ബേബിയായിരുന്നു. അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും ദാരുണാന്ത്യത്തിന്‍റെ ഞെട്ടലിൽനിന്ന്​ പ്രദേശവാസികൾ ഇതുവരെ മുക്തരായിട്ടില്ല. ചെറുന്നിയൂരിലെ സാധാരണ കുടുംബത്തിലായിരുന്നു പ്രതാപന്‍റെ ജനനം. പുത്തൻചന്ത മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തിയാണ് അദ്ദേഹത്തി​ന്‍റെ അമ്മ കുടുംബം പുലർത്തിയിരുന്നത്. കുട്ടിക്കാലം മുതൽക്കേ അമ്മയോടൊപ്പം ചന്തയിലെത്തി കച്ചവടത്തിൽ സഹായിക്കുമായിരുന്ന ബേബി പച്ചക്കറി കച്ചവടം തന്നെ തൊഴിലാക്കി. ഏറെത്താമസിയാതെ ചാല മാർക്കറ്റിൽനിന്ന്​ പച്ചക്കറി എടുത്ത് വിതരണം ചെയ്യുന്ന നിലയിലേക്ക് കച്ചവടം വളർന്നു. കഴിഞ്ഞ 45 വർഷമായി പുത്തൻചന്തയിൽ ആർ.പി.എൻ വെജിറ്റബിൾസ് ആൻഡ്​​ ഫ്രൂട്ട്സ് എന്ന മൊത്തവിതരണ സ്ഥാപനം നടത്തുകയായിരുന്നു. കല്ലമ്പലം, വർക്കല മേഖലയിലെ ഏറ്റവും വലിയ പച്ചക്കറി വിൽപന സ്ഥാപനമാണ് പ്രതാപന്‍റേത്​. കടയിലെ ജീവനക്കാരും വാഹനങ്ങളുടെ ഡ്രൈവർമാരും ഉൾപ്പെടെ അമ്പതോളം ജീവനക്കാരാണ് ഇദ്ദേഹത്തിനുള്ളത്. വർക്കല, കല്ലമ്പലം, ഇടവ മേഖലയിലെ ചെറുകിട പച്ചക്കറി കടകൾക്കെല്ലാം ഇദ്ദേഹമാണ് വർഷങ്ങളായി പച്ചക്കറിയും പഴവർഗങ്ങളും വിതരണം ചെയ്യുന്നത്. തൊഴിലുടമയും തൊഴിലാളികളുമെന്നതിനപ്പുറമുള്ള സ്നേഹബന്ധമാണ് അദ്ദേഹം പുലർത്തിയിരുന്നതെന്ന് തൊഴിലാളികൾ പറയുന്നു. കഷ്ടപ്പാടുകളിൽ അകമഴിഞ്ഞ് സഹായിച്ചിരുന്നു. നാട്ടുകാരോടും നല്ല നിലയിലാണ്​ കുടുംബം പെരുമാറിയിരുന്നത്​. കുടുംബത്തിന്​ സാമ്പത്തിക പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.