കോടികൾ വിലയുള്ള സർക്കാർ ഭൂമി കൈക്കലാക്കാൻ ഭൂമാഫിയ -ഉദ്യോഗസ്ഥ ശ്രമമെന്ന് കടകംപള്ളി

കഴക്കൂട്ടം: ദേശീയപാതക്കരികിൽ കോടികൾ വിലമതിക്കുന്ന ഒരേക്കറോളം വരുന്ന സർക്കാർ ഭൂമി കൈക്കലാക്കാൻ ഭൂമാഫിയ -ഉദ്യോഗസ്ഥ സംഘം ശ്രമിക്കുന്നതായി കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. കഴക്കൂട്ടം ബ്ലോക്ക് ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലമാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യവ്യക്തിയെ മുൻനിർത്തി തട്ടിയെടുക്കാൻ ശ്രമിക്കുന്നതെന്ന് ബ്ലോക്ക് ഓഫിസ് ഹാളിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ കടകംപള്ളി ആരോപണം ഉയർത്തിയത്. ഇക്കാരണത്താൽ കഴക്കൂട്ടം മണ്ഡലത്തിന്റെ സ്വപ്നപദ്ധതിയായ മിനി സിവിൽ സ്റ്റേഷൻ നിർമാണം അനിശ്ചിതത്വത്തിലായി. വിഴിഞ്ഞം സ്വദേശിയായ അബ്​ദുൽ കലാം നൽകിയ സ്വകാര്യ അന്യായത്തിലാണ് സിവിൽ സ്റ്റേഷൻ നിർമാണ പദ്ധതി കോടതി സ്റ്റേ ചെയ്ത് പൂർവസ്ഥിതിയിൽ നിലനിർത്താൻ ആവശ്യപ്പെട്ട് ഉത്തരവ് ഇറക്കിയത്. 1953ലാണ് അബൂബക്കർ എന്ന വ്യക്തി സർക്കാറിന് ഈ ഭൂമി സൗജന്യമായി കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് വികസന ആസ്ഥാനത്തിന് വേണ്ടിയാണ് അന്ന് സർക്കാറിന് ഭൂമി കൈമാറിയത്. എന്നാൽ, അതേ സ്ഥലത്ത് ഇപ്പോൾ മിനി സിവിൽ സ്റ്റേഷൻ നിർമാക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും ഭൂമി തങ്ങളുടെ കുടുംബത്തിന് തിരികെ നൽകണമെന്നും അന്നത്തെ സർക്കാറുമായുള്ള കരാർ ചൂണ്ടിക്കാട്ടിയാണ് സ്ഥലം വിട്ടുനൽകിയ അബൂബക്കറിന്റെ അവകാശി അബ്​ദുൽ കലാം രേഖകൾ സഹിതം കാട്ടി കോടതിയെ സമീപിച്ചത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി സിവിൽ സ്റ്റേഷൻ നിർമാണം താൽക്കാലികമായി സ്റ്റേ ചെയ്ത് തൽസ്ഥിതി തുടരാൻ ഉത്തരവിടുകയായിരുന്നു. പദ്ധതിക്കായി പഴയ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങിയപ്പോഴാണ് കേസുമായി കോടതിയെ കുടുംബം സമീപിക്കുന്നത്. മുമ്പുണ്ടായിരുന്ന ബ്ലോക്ക് ഓഫിസർ വിവരാവകാശത്തിന് നൽകിയ മറുപടി പരാതിക്കാരന് അനുകൂലമായി മാറുകയും ചെയ്തതോടെയാണ് സംഭവത്തിൽ ഉദ്യോഗസ്ഥ കൂട്ടുകെട്ട് വെളിവായത്. ഭൂമാഫിയകൾക്ക്​ സഹായം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈകൊള്ളുമെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ ആവശ്യപ്പെടുമെന്നും കടകംപള്ളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.